ശ്രീലങ്ക-ബംഗ്ലാദേശ് മൂന്ന് ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്ക 28 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു. ജയത്തോടെ പരമ്പര 2-1ന് സ്വന്തമാക്കാനും ലങ്കന്‍ പടക്ക് സാധിച്ചു.
ശ്രീലങ്കയുടെ ബൗളിങ്ങില്‍ ഹാട്രിക് അടക്കം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നുവാന്‍ തുഷാര നടത്തിയത്. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 20 റണ്‍സ് വിട്ടുനല്‍കിയാണ് നുവാന്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.
മത്സരത്തിന്റെ മൂന്നാം ഓവറില്‍ ആയിരുന്നു തുഷാരയുടെ ഹാട്രിക് പിറന്നത്. ബംഗ്ലാദേശ് നായകന്‍ നജിമുല്‍ ഹുസൈന്‍ ഷാന്റോ, ടൗഹിദ് ഹൃദോയ്, മഹമ്മദുള്ള എന്നിവരുടെ വിക്കറ്റുകളാണ് തുഷാര നേടിയത്.
ഇതിന് പിന്നാലെ ഒരു മോശം നേട്ടമാണ് ബംഗ്ലാദേശ് താരം മഹമ്മദുള്ള റിയാദിനെ തേടിയെത്തിയത്. മൂന്ന് ഫോര്‍മാറ്റുകളിലും ഹാട്രിക് ബോളില്‍ പുറത്താവുന്ന ആദ്യ താരമായാണ് മഹമ്മദുള്ള മാറിയത്.
ഏകദിനത്തില്‍ 2015ല്‍ സൗത്ത് ആഫ്രിക്കന്‍ താരമായ കാഗിസോ റബാദ ഹാട്രിക് നേടുമ്പോള്‍ മൂന്നാം വിക്കറ്റ് മഹമ്മദുള്ളയുടെതായിരുന്നു. ടെസ്റ്റില്‍ 2020ലാണ് മഹമ്മദുള്ള മൂന്നാം പന്തില്‍ പുറത്തായത്. പാകിസ്ഥാന്‍ താരം നസീം ഷായാണ് ഹാട്രിക് നേടിയത്. ടി-20യില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മത്സരത്തില്‍ നുവാനും ഹാട്രിക് നേടിയപ്പോള്‍ മൂന്നാം വിക്കറ്റും മഹമ്മദുള്ളയായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. ലങ്കന്‍ ബാറ്റിങ്ങില്‍ കുശാല്‍ മെന്‍ഡീസ് 55 പന്തില്‍ നേടിയ 86 റണ്‍സിന്റെ കരുത്തിലാണ് ശ്രീലങ്ക വലിയ ടോട്ടല്‍ നേടിയത്.
വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് 19.4 ഓവറില്‍ 146 പുറത്താവുകയായിരുന്നു. ബംഗ്ലാദേശ് ബാറ്റിങ്ങില്‍ റാഷിദ് ഹുസൈന്‍ 30 പന്തില്‍ 53 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.
Content Highlight: Bangladesh cricketer Mahmudullah create a unwanted record