ലോകകപ്പ് നടത്താന്‍ പട്ടാളം സഹായിക്കണം; ഗത്യന്തരമില്ലാതെ കത്തയച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
Sports News
ലോകകപ്പ് നടത്താന്‍ പട്ടാളം സഹായിക്കണം; ഗത്യന്തരമില്ലാതെ കത്തയച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th August 2024, 2:47 pm

ഈ വര്‍ഷം ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കുന്ന വനിതാ ടി-20 ലോകകപ്പിന്റെ നടത്തിപ്പിന് പട്ടാളത്തോട് സഹായമാവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.ബി). രാജ്യത്ത് കലാപ സാഹചര്യം തുടരുന്നതിനാലാണ് ലോകകപ്പിന്റെ സുഖമമായ നടത്തിപ്പിന് ബി.സി.ബി പട്ടാളത്തിന്റെ സഹായം തേടിയതെന്നാണ് റിപ്പോര്‍ട്ട്.

ബംഗ്ലാദേശ് പട്ടാളത്തലവനായ ജനറല്‍ വഖാര്‍-ഉസ്-സമാന് സഹായമാവശ്യപ്പെട്ട് ബി.സി.ബി അധ്യക്ഷന്‍ കത്തയച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 27 മുതല്‍ ലോകകപ്പിന്റെ സന്നാഹ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കവെയാണ് ക്രിക്കറ്റ് ബോര്‍ഡ് അവസാന ശ്രമമെന്നോണം പട്ടാളത്തെ സമീപിച്ചിരിക്കുന്നത്.

ബംഗ്ലാദേശില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ലോകകപ്പിന്റെ വേദി മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ഐ.സി.സി പരിഗണിക്കും.

ബംഗ്ലാദേശിന് സമാനമായ ടൈം സോണ്‍ ഉള്ള രാജ്യങ്ങളെയായിരിക്കും ഐ.സി.സി ഇതിനായി പരിഗണിക്കുക എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഇന്ത്യ, യു.എ.ഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് സാധ്യത.

ഒക്ടോബര്‍ മൂന്ന് മുതല്‍ 20 വരെയാണ് ഐ.സി.സി വനിതാ ലോകകപ്പ് അരങ്ങേറുന്നത്. മിര്‍പൂരും സില്‍ഹെറ്റുമാണ് മാര്‍ക്വി ഇവന്റുകള്‍ക്ക് വേദിയാവുക.

നിലവിലെ സ്ഥിതിഗതികള്‍ തങ്ങള്‍ ഐ.സി.സിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അവര്‍ ഉടന്‍ തന്നെ മറുപടി നല്‍കാമെന്ന് പറഞ്ഞതായും ബി.സി.ബി അധ്യക്ഷന്‍ നസ്മുല്‍ ഹസന്‍ പറഞ്ഞു.

ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തില്‍ മുന്‍ ബംഗ്ലാ നായകനും ഭരണകക്ഷിയായ അവാമി ലീഗ് പാര്‍ട്ടി എം.പിയുമായ മഷ്‌റാഫെ മൊര്‍താസയുടെ വീട് പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കിയിരുന്നു.

മഷ്റാഫെയുടെ വീട് മാത്രമല്ല ആവാമി ലീഗ് പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനവും ജില്ലാ പ്രസിഡന്റ് സുഭാഷ് ചന്ദ്ര ബോസിന്റെ വീടും ഇത്തരത്തില്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭമാണ് പിന്നാലെ ആഭ്യന്തര കലാപത്തിലേക്ക് വഴിമാറിയത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുകയും ചെയ്തിരുന്നു.

ഷെയ്ഖ് ഹസീന രാജി വെച്ചെന്ന വാര്‍ത്തക്ക് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ആയിരക്കണക്കിന് ജനങ്ങള്‍ ബലം പ്രയോഗിച്ച് കയറി.

ഷെയ്ഖ് ഹസീനക്ക് രാജി വെക്കാന്‍ സൈന്യം അന്ത്യശാസനം നല്‍കിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാജി.

സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജൂലൈയില്‍ നടത്തിയ പ്രതിഷേധം 200 പേരുടെ മരണത്തിനിടയാക്കിയതോടെയാണ് ജനങ്ങള്‍ ഹസീനയുടെ രാജി ആവശ്യപ്പെട്ടത്.

നികുതിയും യൂട്ടിലിറ്റി ബില്ലുകളും അടക്കരുതെന്നും ബംഗ്ലാദേശിലെ പ്രവര്‍ത്തി ദിവസമായ ഞായറാഴ്ച ജോലിക്ക് പോകരുതെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ നിസ്സഹകരണ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രക്ഷോഭത്തെ തുടര്‍ന്ന് അധികൃതര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയുകയും ഷൂട്ട് ഓണ്‍ സൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ആഴ്ചകളിലായി 11 ,000 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹസീന രാജിവെക്കാതെ പിരിഞ്ഞ് പോകില്ലെന്ന് പ്രഖ്യാപിച്ച് ധാക്കയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.

പ്രതിഷേധത്തിന്റെ പേരില്‍ അട്ടിമറിയും ആക്രമണവും നടത്തുന്നവര്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളല്ല ക്രിമിനലുകളാണെന്നും ജനങ്ങള്‍ അവരെ നേരിടണമെന്നും ഹസീന പറഞ്ഞിരുന്നു.

Content highlight: Bangladesh Cricket Board seeks Bangladesh army’s assurance for hosting women’s T20 World Cup