| Saturday, 2nd December 2023, 4:34 pm

തോല്‍പിച്ചത് ന്യൂസിലാന്‍ഡിനെ, ഒപ്പം തോറ്റ് ഇന്ത്യയും; സ്വന്തം മണ്ണിലെ കുതിപ്പില്‍ ബംഗ്ലാദേശിന് ചരിത്രനേട്ടവും

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്‍ഡിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകരെ തോല്‍പിച്ച് നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും സംഘവും നാഗനൃത്തമായിടിയിരുന്നു. 150 റണ്‍സിനാണ് സില്‍ഹെറ്റില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാ കടുവകള്‍ വിജയിച്ചുകയറിയത്.

ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും രണ്ടാം ഇന്നിങ്‌സിലെ തകര്‍പ്പന്‍ പ്രകടനമാണ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 310 റണ്‍സ് നേടിയിരുന്നു. മഹ്‌മുദു ഹസന്‍ ജോയ് യുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ബംഗ്ലാദേശ് സ്‌കോര്‍ ഉയര്‍ത്തിയത്. ആദ്യ ഇന്നിങ്‌സിനിറങ്ങിയ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ സെഞ്ച്വറി കരുത്തില്‍ 317 റണ്‍സ് നേടി.

ഏഴ് റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ബംഗ്ലാദശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടെ സെഞ്ച്വറിയുടെയും മുഷ്ഫിഖര്‍ റഹീം, മെഹിദി ഹസന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ 338 റണ്‍സ് നേടി.

332 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ന്യൂസിലാന്‍ഡ് 181 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി പത്ത് വിക്കറ്റ് നേടിയ തൈജുല്‍ ഇസ്‌ലാമിന്റെ പ്രകടനമാണ് ബംഗ്ലാദേശിന് തുണയായത്.

ഈ പ്രകടനത്തിന് പിന്നാലെ ഒരു മികച്ച നേട്ടവും ബംഗ്ലാദേശിനെ തേടിയെത്തിയിരുന്നു. സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനെതിരെ നേടുന്ന ആദ്യ ടെസ്റ്റ് ജയം എന്ന നേട്ടമാണ് ബംഗ്ലാ കടുവകള്‍ സ്വന്തമാക്കിയത്.

ഈ വിജയത്തിന് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-2025 സൈക്കിളിന്റെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും ബംഗ്ലാദേശിനായി. ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടാണ് ബംഗ്ലാദേശ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്.

രണ്ട് മത്സരത്തില്‍ രണ്ടും ജയിച്ച പാകിസ്ഥാന്‍ 24 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഒരു മത്സരത്തില്‍ നിന്നും ഒരു ജയവുമായി 12 പോയിന്റോടെയാണ് ബംഗ്ലാദേശ് രണ്ടാം സ്ഥാനത്തുള്ളത്. നൂറ് ശതമാനമാണ് ഇരുടീമിന്റെയും വിജയശതമാനം.

രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമായി 16 പോയിന്റാണ് മൂന്നാമതുള്ള ഇന്ത്യക്കുള്ളത്. ജയശതമാനം കണക്കിലെടുത്താണ് പോയിന്റ് പട്ടികയൊരുക്കുന്നത് എന്നതാണ് ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്കെത്തിച്ചത്.

ഡിസംബര്‍ ആറിനാണ് ന്യൂസിലാന്‍ഡ് – ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം മത്സരം. മിര്‍പൂരിലെ ഷേര്‍ ഇ ബംഗ്ലയാണ് വേദി.

Content Highlight: Bangladesh created history by defeated New Zealand in home soil

We use cookies to give you the best possible experience. Learn more