| Thursday, 9th December 2021, 9:35 am

എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ കൊലപാതകം; പ്രതികളായ 20 സഹപാഠികള്‍ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: 2019ല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍ പ്രതികളായ 20 സഹപാഠികള്‍ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. മറ്റ് അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു.

ബംഗ്ലാദേശ് യൂണിവേഴ്‌സിറ്റി ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ പഠിക്കവേയായിരുന്നു 21കാരനായ അബ്രാര്‍ ഫഹദ് കൊല്ലപ്പെട്ടത്. 2019 ഒക്ടോബര്‍ ഏഴിനായിരുന്നു സംഭവം.

സമൂഹമാധ്യമങ്ങളില്‍ ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ വിമര്‍ശിച്ച് പോസ്റ്റ് ചെയ്തു എന്ന കാരണം പറഞ്ഞ് സഹപാഠികളായ 25 പേര്‍ ചേര്‍ന്ന് ഫഹദിനെ തല്ലിക്കൊല്ലുകയായിരുന്നു.

ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ഛത്ര ലീഗിലെ അംഗങ്ങളാണ് പ്രതികളായ 25 പേരും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 20 പേരും 20നും 22നും ഇടയില്‍ പ്രായമുള്ളവരാണ്.

ബുധനാഴ്ചയാണ് ധാക്കയിലെ അതിവേഗ വിചാരണകോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.

”ഇത്തരത്തില്‍ ദാരുണമായ സംഭവങ്ങള്‍ ഇനി നടക്കരുതെന്ന് ചിന്തിച്ചുകൊണ്ട് പരമാവധി ശിക്ഷ തന്നെ കോടതി പ്രതികള്‍ക്ക് വിധിക്കുന്നു,” വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് അബു സഫര്‍ മുഹമ്മദ് കമ്രുസമാന്‍ പറഞ്ഞു.

ഫഹദിന്റെ കൊലപാതകം 2019ല്‍ രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനവുമായി ഫഹദിന് നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു.

ഗംഗാ നദിയിലെ വെള്ളം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയില്‍ ഉണ്ടാക്കിയ കരാറിനെ വിമര്‍ശിച്ചായിരുന്നു ഫഹദ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കരാര്‍ ഇന്ത്യയ്ക്ക് അനുകൂലമായതിനെ ചൂണ്ടിക്കാണിച്ചായിരുന്നു ഫഹദിന്റെ പോസ്റ്റ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Bangladesh court sentenced 20 to death for murder of student

We use cookies to give you the best possible experience. Learn more