പാകിസ്ഥാനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്താന്‍ എളുപ്പമല്ല; രണ്ടാം ടെസ്റ്റിന് മുന്നോടിയായി സംസാരിച്ച് ബംഗ്ലാദേശ് പരിശീലകന്‍
Sports News
പാകിസ്ഥാനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്താന്‍ എളുപ്പമല്ല; രണ്ടാം ടെസ്റ്റിന് മുന്നോടിയായി സംസാരിച്ച് ബംഗ്ലാദേശ് പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th August 2024, 9:36 am

ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ഇന്ന് (ആഗസ്റ്റ് 30ന്) തുടങ്ങാനിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് 10 വിക്കറ്റിന്റെ ചരിത്രവിജയം സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ബംഗ്ലാദേശ് പരിശീലകന്‍ ചന്ദിക ഹതുരുസിങ്ക സംസാരിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ തങ്ങളുടെ ഗെയിം പ്ലാന്‍ വ്യത്യസ്തമായിരുന്നെന്നും രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ആദ്യ വിജയം ടീമിന്റെ മനോവീര്യം ഉയര്‍ത്തിയെന്നുമാണ് പരിശീലകന്‍ പറഞ്ഞത്.

‘അവരുടെ ഫാസ്റ്റ് ബൗളേഴ്‌സ് വരുമ്പോള്‍ മിഡില്‍ ഓര്‍ഡറില്‍ കൂടുതല്‍ സമയം ചെലവഴിക്കാനായിരുന്നു ഞങ്ങള്‍ ഏറെ ശ്രമിച്ചത്. അവിടുത്തെ കണ്ടീഷന്‍ വെച്ച് ഞങ്ങളുടെ ഗെയിം പ്ലാന്‍ വളരെ വ്യത്യസ്തമായിരുന്നു. അത് ഞങ്ങള്‍ക്ക് നന്നായി ബാറ്റ് ചെയ്യാന്‍ സഹായിച്ചു. എന്നിരുന്നാലും പാകിസ്ഥാനിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തുന്നത് എളുപ്പമല്ല. രണ്ടാം ടെസ്റ്റിലും ഒരു പെര്‍ഫക്ട് ഫൈറ്റ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ചന്ദിക ഹതുരുസിങ്ക പറഞ്ഞു.

ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 565 റണ്‍സാണ് ഉയര്‍ത്തിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വമ്പന്‍ തിരിച്ചടിയാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ നല്‍കിയത്.

വെറും 146 റണ്‍സിനാണ് പാകിസ്ഥാനെ ബംഗ്ലാ ബൗളര്‍മാര്‍ തറ പറ്റിച്ചത്. മെഹ്ദി ഹസന്റെ തകര്‍പ്പന്‍ സ്പിന്നില്‍ നാല് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടപ്പെട്ടത്. ഷൊരീഫുള്‍ ഇസ്‌ലാം, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഷാക്കിബ് അല്‍ ഹസന്‍ മൂന്ന് നിര്‍ണായക വിക്കറ്റുകളും നേടി. ശേഷം 30 റണ്‍സിന്റെ വിജയലക്ഷ്യം അനായസമായി മറികടക്കാന്‍ ബംഗ്ലാ കടുവകള്‍ക്ക് സാധിച്ചു.

2021 ഡിസംബറിന് ശേഷം പാകിസ്ഥാന്‍ ഒരു ഹോം ടെസ്റ്റ് പോലും ജയിച്ചിട്ടില്ല. സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായി അഞ്ച് ടെസ്റ്റുകള്‍ ജയിക്കാന്‍ സാധിക്കാതെ നാണംകെട്ടിരിക്കുകയാണ് ടീം. ന്യൂസിലന്‍ഡിനും ഓസ്ട്രേലിയയ്ക്കുമെതിരായ കഴിഞ്ഞ മത്സരങ്ങള്‍ പാകിസ്ഥാന്‍ സമനിലയില്‍ പിരിയുകയായിരുന്നു.

 

Content Highlight: Bangladesh Coach Talking About Test Cricket Against Pakistan