ബംഗ്ലാദേശില്‍ തുണി ഫാക്ടറിക്ക് തീപ്പിടിച്ചു; 121 മരണം
India
ബംഗ്ലാദേശില്‍ തുണി ഫാക്ടറിക്ക് തീപ്പിടിച്ചു; 121 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th November 2012, 11:00 am

ധാക്ക: ബംഗ്ലാദേശിലെ ധാക്കയ്ക്ക് സമീപം തുണി ഫാക്ടറയില്‍ തീപ്പിടുത്തം. സംഭവത്തില്‍ 121 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ധാക്കയില്‍ നിന്ന് 30 കി.മി അകലെയുള്ള അഷുലിയ ജില്ലയിലാണ് സംഭവം.

തസ്രീന്‍ ഫാഷന്‍ ലിമിറ്റഡ് എന്ന തുണി ഫാക്ടറിക്കാണ് തീപ്പിടിച്ചത്. ഒമ്പത് നിലകളിലുള്ള ഫാക്ടറിയില്‍ ശനിയാഴ്ച രാത്രിയോടെ അഗ്നിബാധയുണ്ടാവുകയായിരുന്നു. അപകടത്തില്‍ എട്ട് പേര്‍ മരിച്ചതായാണ് ആദ്യം വന്ന വാര്‍ത്തകള്‍.[]

പിന്നീട് ഞായറാഴ്ച രക്ഷാപ്രവര്‍ത്തകര്‍ ഫാക്ടറിക്കുള്ളില്‍ പ്രവേശിച്ചപ്പോഴാണ് മരണനിരക്ക് കൂടുതലുള്ളതായി അറിയുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് അറിയുന്നത്.

ഏതാണ്ട് 2000 ഓളം തൊഴിലാളികള്‍ സംഭവം നടക്കുമ്പോള്‍ ഫാക്ടറിക്ക് ഉള്ളിലുണ്ടെന്നാണ് കരുതുന്നത്. തീപടര്‍ന്നതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതല്‍ പേരും മരിച്ചിരിക്കുന്നത്.

ഫാക്ടറിയുടെ താഴത്തെ നിലയിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. പിന്നെ മുകളിലേക്ക് തീപടരുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.  2010 ഡിസംബറില്‍ ഇതേ പ്രദേശത്ത് മറ്റൊരു ഫാക്ടറിയില്‍ ഉണ്ടായ അഗ്‌നിബാധയില്‍ 25 പേര്‍ മരിച്ചിരുന്നു.

ബംഗ്ലാദേശില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം 4000 ഓളം ഫാക്ടറികളുള്ളതായാണ് കണക്കുകള്‍.

ഗാര്‍മന്റ് കയറ്റുമതിലൂടെ മാത്രമായി പ്രതിവര്‍ഷം 20 ബില്യണ്‍ ഡോളറാണ് ബംഗ്ലാദേശിന് ലഭിക്കുന്നത്. യൂറോപ്പിലേക്കും യു.എസിലേക്കുമാണ് പ്രധാന കയറ്റുമതി.