അനധികൃതമായി അതിര്‍ത്തി കടന്ന ബംഗ്ലാദേശ് പൗരന്‍മാരെ തിരിച്ചയച്ചു: അസം മുഖ്യമന്ത്രി
India
അനധികൃതമായി അതിര്‍ത്തി കടന്ന ബംഗ്ലാദേശ് പൗരന്‍മാരെ തിരിച്ചയച്ചു: അസം മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th August 2024, 1:35 pm

ഗുവാഹത്തി: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശ് പൗരന്മാരെ തിരിച്ചയച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബംഗ്ലാദേശിലെ മോഡല്‍ഗഞ്ച്, ധാക്ക എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള മസൂം ഖാന്‍, സോണിയ അക്തര്‍ എന്നിവരെയാണ് ബംഗ്ലാദേശിലേക്ക് തന്നെ തിരിച്ചയച്ചത്.

‘ഇരുവരേയും ബദര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അസം പൊലീസ് പിടികൂടുകയായിരുന്നു. അവര്‍ മധോപൂര്‍ അഗര്‍ത്തല റൂട്ടിലൂടെയാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചത്. ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു,’ മുഖ്യമന്ത്രി ഹിമന്ത് ബിശ്വശര്‍മ പറഞ്ഞു.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ സഹായത്തോടെയാണ് ബംഗ്ലാദേശ് പൗരന്മാരെ അസം പൊലീസ് ബംഗ്ലാദേശിലേക്ക് അയച്ചത്.

ടെക്‌സ്റ്റെയില്‍ ഇന്റസ്ട്രിയില്‍ ജോലി അന്വേഷിച്ചാണ് ഇരുവരും ബെംഗളൂരുവിലേക്ക് പുറപ്പെട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

മതിയായ രേഖകളില്ലാതെ 30തിലധികം ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നതായും അവരെ മടക്കി അയച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി പ്രക്ഷോഭങ്ങളും വലിയ തോതിലുളള പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. ഇതിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വെക്കാന്‍ നിര്‍ബന്ധിതയാവുകയും രാജ്യം വിടുകയും ചെയ്തിരുന്നു. അതിനിടയിലാണ് ജോലി ആവശ്യത്തിനുള്‍പ്പെടെ മതിയായ രേഖകളില്ലാതെ ബംഗ്ലാദേശ് പൗരന്മാര്‍ അതിര്‍ത്തി കടക്കുന്നത്.

Content Highlight: bangladesh citizens who crossed the boarder illegally send back: assam cm