ഏഷ്യാ കപ്പിൽ കണ്ട ബംഗ്ലാദേശിനെ അല്ല നിങ്ങൾ വേൾഡ് കപ്പിൽ കാണുക ; മുന്നറിയിപ്പുമായി ഷാകിബ്
ഒക്ടോബറിൽ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിൽ എതിർ ടീമുകൾക്കെല്ലാം മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബംഗ്ലാദേശ് നായകൻ ഷാകിബ് അൽ ഹസൻ. ലോകകപ്പിൽ തങ്ങൾ അപകടകാരികളായ ടീമായിരിക്കുമെന്നാണ് ഷാകിബ് പറഞ്ഞത്.
ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യക്കെതിരെയുള്ള വിജയത്തിന് പിന്നാലെയാണ് ബംഗ്ലാ നായകൻ ലോകകപ്പിൽ തന്റെ ടീമിനെക്കുറിച്ചുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
‘ഞങ്ങൾക്ക് മികച്ച ഒരു ടീമുണ്ട്. കളിക്കാർക്ക് പരിക്ക് പറ്റുന്നതും താരങ്ങൾ വന്നുപോവുന്നതും ഞങ്ങളെ ബാധിച്ചിട്ടില്ല. ഞങ്ങൾ ലോകകപ്പിൽ അപകടകരമായ ഒരു ടീമായിരിക്കും’, ഷാകിബ് പറഞ്ഞു.
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യക്കെതിരെ പരിചയ സമ്പന്നരായ മികച്ച താരങ്ങൾക്ക് ബംഗ്ലാദേശ് വിശ്രമം നൽകിയിരുന്നു. ഇതിനെക്കുറിച്ചും ബംഗ്ലാദേശ് നായകൻ പ്രതികരിച്ചു. ‘അധികം കളിക്കാത്ത കളിക്കാർക്ക് ഞങ്ങൾ അവസരം നൽകി. കഴിഞ്ഞ രണ്ട് മത്സരങ്ങൾക്ക് ശേഷം സ്പിന്നർമാർ ഇവിടെ വിജയിക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചു’, ഷാകിബ് കൂട്ടിച്ചേർത്തു.
ഏഷ്യാ കപ്പിൽ ബംഗ്ലാദേശിന്റെ ബൗളിങ്ങിലെ പ്രധാന താരങ്ങളായ ബഡോത്ത് ഹൊസൈൻ, നജ്മുൽ ഹൊസൈൻ ഷാന്റോ എന്നിവർ പരിക്ക് പറ്റി പുറത്തുപോയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ അഫ്ഗാനെതിരെ വിജയിച്ച ബംഗ്ലാദേശ് സൂപ്പർ ഫോറിൽ ശ്രീലങ്കയോടും പാകിസ്ഥാനോടും കാലിടറുകയായിരുന്നു. എന്നാൽ അവസാന മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയത് ടീമിന് കൂടുതൽ ആത്മവിശ്വാസമാണ് നൽകുന്നത്.
സെപ്റ്റംബർ 21,23, 26 എന്നീ ദിവസങ്ങളിൽ ബംഗ്ലാദേശ് ന്യൂസിലാൻഡിനെതിരെ മൂന്ന് ഏകദിനമത്സരങ്ങൾ കളിക്കും. തുടർന്ന് സെപ്റ്റംബർ 29ന് ശ്രീലങ്കക്കെതിരെയും ഒക്ടോബർ 2ന് ഇംഗ്ലണ്ടിനെതിരെയും സന്നാഹ മത്സരത്തിൽ ഏറ്റുമുട്ടും.
ഒക്ടോബർ 7ന് അഫ്ഗാനിസ്ഥാനെതിരെയാണ് ബംഗ്ലാദേശിന്റെ ലോകകപ്പിലെ ആദ്യ മത്സരം.
ഐ.സി.സി ലോകകപ്പിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്
ഷാകിബ് അൽ ഹസൻ (ക്യാപ്റ്റൻ), അനാമുൽ ഹഖ് ബിജോയ്, നജ്മുൽ ഹുസൈൻ ഷാന്റോ, തൗഹിദ് ഹൃദോയ്, മുഷ്ഫിഖുർ റഹീം, അഫീഫ് ഹൊസൈൻ ധ്രുബോ, മെഹിദി ഹസൻ മിറാസ്, ടാസ്‌കിൻ അഹമ്മദ്, ഹസൻ മഹമൂദ്, മുസ്തഫിസുർ റഹ്മാൻ, ഷോറിഫുൾ ഇസ്ലാം, നസൂം അഹമ്മദ്, ഷാക് മഹേദി ഹസൻ, നൈം ഷെയ്ഖ്, ഷമീം ഹൊസൈൻ.
Content Highlight: Bangladesh captain Shakib Al Hasan warned other teams in the World Cup.