ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച എട്ട് ടീമുകള്‍ കിരീടത്തിനായി പോരാടുമ്പോള്‍ ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെയുള്ള രണ്ടാഴ്ചക്കാലം ആരാധകര്‍ക്ക് വിരുന്ന് തന്നെയായിരിക്കും.
2023 ഏകദിന ലോകകപ്പ് പോയിന്റ് ടേബിളില്‍ ആദ്യ എട്ടില്‍ സ്ഥാനം പിടിച്ച ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫി കളിക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം.
ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ. ടൂര്‍ണമെന്റിലെ എട്ട് ടീമുകളും ഒന്നിനൊന്ന് മികച്ചതാണെന്നാണ് ഷാന്റോ അഭിപ്രായപ്പെടുന്നത്. ബംഗ്ലാദേശ് കിരീടം നേടുമെന്ന ശുഭാപ്തി വിശ്വസവും ക്യാപ്റ്റന്‍ പങ്കുവെച്ചു.
നജ്മുല്‍ ഹൊസൈന്‍ ഷാന്റോ
‘ചാമ്പ്യന്‍മാരാകാന്‍ വേണ്ടിയാണ് ഞങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാനിറങ്ങുന്നത്. എട്ട് ടീമുകളും ചാമ്പ്യന്‍മാരാകാന്‍ അര്‍ഹതയുള്ളവര്‍ തന്നെയാണ്. എല്ലാവരും മികച്ച ടീമുകളാണ്. ഞങ്ങള്‍ക്ക് കിരീടം നേടാനുള്ള കഴിവുണ്ടെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്.
ചാമ്പ്യന്‍മാരാകണം എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്, അവര്‍ സ്വന്തം കഴിവുകളില്‍ വിശ്വസിക്കുകയും ചെയ്യുന്നു. ദൈവം എപ്രകാരമാണ് ഞങ്ങളുടെ വിധിയെഴുതിയതെന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും ചിട്ടയായി പരിശീലിക്കുന്നുമുണ്ട്. ആ ലക്ഷ്യം നിറവേറ്റാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്,’ ഷാന്റോ പറഞ്ഞു.
ടീമിലെ അംഗങ്ങളെ കുറിച്ചും അവരുടെ പൊട്ടെന്‍ഷ്യലിനെ കുറിച്ചും താരം സംസാരിച്ചു.
‘സ്‌ക്വാഡിലെ 15 താരങ്ങളിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. മത്സരം ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ പ്രാപ്തിയുള്ളവരാണ് ഓരോരുത്തരും.
കുറച്ച് മുമ്പ് ഞങ്ങള്‍ക്ക് ഇത്രത്തോളം മികച്ച പേസ് നിര ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ വളരെ മികച്ച പേസ് യൂണിറ്റാണ് ഞങ്ങള്‍ക്കൊപ്പമുള്ളത്. ഞങ്ങള്‍ക്കൊപ്പം നേരത്തെ റിസ്റ്റ് സ്പിന്നര്‍മാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ നിലവില്‍ ആ കുറവും ഞങ്ങള്‍ പരിഹരിച്ചിരിക്കുകയാണ്. എല്ലാംകൊണ്ടും ഞങ്ങളൊരു ബാലന്‍സ്ഡായ ടീമാണ്,’ ഷാന്റോ വ്യക്തമാക്കി.
ഇതുവരെ ഒരു കിരീടവും നേടാന്‍ സാധിക്കാതെ പോയ നിര്‍ഭാഗ്യവാന്‍മാരാണ് ബംഗ്ലാദേശ്. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയിലൂടെ കിരീടവരള്‍ച്ച അവസാനിക്കുമെന്നാണ് ആരാധകരായ കടുവക്കൂട്ടം ഉറച്ച് വിശ്വസിക്കുന്നത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ കരുത്തരായ ഇന്ത്യക്കെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം. ഫെബ്രുവരി 20ന് നടക്കുന്ന മത്സരത്തിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദിയാകുന്നത്.
ഫെബ്രുവരി 20 vs ഇന്ത്യ – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം
ഫെബ്രുവരി 24 vs ന്യൂസിലാന്‍ഡ് – റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം
ഫെബ്രുവരി 27 vs പാകിസ്ഥാന്‍ – റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം
നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), പര്‍വേസ് ഹൊസൈന്‍ എമോണ്‍, തന്‍സിദ് ഹസന്‍, തൗഹിദ് ഹൃദോയ്, മഹ്‌മദുള്ള, മെഹ്ദി ഹസന്‍ മിറാസ്, സൗമ്യ സര്‍ക്കാര്‍, ജാക്കിര്‍ അലി (വിക്കറ്റ് കീപ്പര്‍), മുസ്തഫിസുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മുസ്തഫിസുര്‍ റഹ്‌മാന്‍, നാഹിദ് റാണ, നാസും അഹമ്മദ്, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാകിബ്, താസ്‌കിന്‍ അഹമ്മദ്.
Content Highlight: Bangladesh Captain Najmul Hossain Shanto about team’s Champions Trophy hopes