| Monday, 16th September 2024, 8:29 am

അനുഭവസമ്പത്തില്‍ അവരുടെ ബൗളര്‍മാര്‍ക്കൊപ്പം എത്തില്ല, എന്നാലും ഞങ്ങളുടെ ബൗളര്‍മാര്‍ 100 ശതമാനം നല്‍കും; ബംഗ്ലാദേശ് ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയ്ക്ക് ഇനി മുന്നിലുള്ളത് ബംഗ്ലാദേശിനോടുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

ഇതോടെ രണ്ട് ടീമുകളും പരമ്പരയ്ക്കുള്ള സ്‌ക്വാഡ് പുറത്ത് വിട്ടിരുന്നു.  പര്യടനത്തിന് മുന്നോടിയായി ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മല്‍ ഹൊസൈന്‍ ഷാന്റോ സംസാരിച്ചു.

‘അവര്‍ റാങ്കിങ്ങില്‍ ഞങ്ങളേക്കാള്‍ വളരെ മുന്നിലാണ്. എന്നാല്‍ ഞങ്ങള്‍ അടുത്തിടെ നന്നായി കളിച്ചു. അഞ്ച് ദിവസം നന്നായി കളിക്കണം, അതാണ് ഞങ്ങളുടെ ലക്ഷ്യം. ടെസ്റ്റ് മത്സരത്തിന്റെ അവസാന സെക്ഷനില്‍ മികച്ച ഫലം ലഭിക്കണം. മത്സരം ഏത് ദിശയിലും പോകാം, ആ ദിവസങ്ങളില്‍ ഞങ്ങള്‍ ശക്തിയില്‍ കളിക്കുക എന്നതാണ് ഏറ്റവും പ്രധാനം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ പാകിസ്ഥാനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ബംഗ്ലാദേശ് തൂത്തുവാരിയിരുന്നു. ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന്റെയും രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെയും വിജയമാണ് ടീം നേടിയത്. പരമ്പരയില്‍ മികച്ച പ്രകടനമാണ് ബംഗ്ലാദേശിന്റെ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ഇപ്പോള്‍ ഇന്ത്യക്കെതിരായ മത്സരത്തിലും കടുവകളുടെ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് താരം അഭിപ്രായപ്പെട്ടത്.

‘സ്പിന്‍ ബൗളിങ്ങിലും പേസ് ആക്രമണത്തിലും ഞങ്ങള്‍ മികവ് പുലര്‍ത്തുന്നുണ്ട്. ഒരു പക്ഷേ നമ്മുടെ പേസര്‍മാര്‍ അനുഭവത്തിന്റെ കാര്യത്തില്‍ പിന്നിലായിരിക്കാം, പക്ഷേ ഞങ്ങളുടെ സ്പിന്‍ ആക്രമണം അവരുടെ അടുത്തെത്തും. അവര്‍ക്ക് ഏത് സാഹചര്യത്തിലും ബൗള്‍ ചെയ്യാന്‍ കഴിയും. എനിക്ക് പറയാനുള്ളത് ഞങ്ങളുടെ പേസര്‍മാരും സ്പിന്നര്‍മാരും ബാറ്റര്‍മാരും 100% നല്‍കുമെന്നാണ്,’

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ളഇന്ത്യ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മനുള്‍ ഷാന്റോ, ഷദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്‍, മൊനീമുള്‍ ഹഖ്, മുഷ്ഫിഖര്‍ അഹമ്മദ്, ഷക്കീബ് അല്‍ഹസന്‍, ലിട്ടന്‍ ദാസ്, മെഹ്ദി മിര്‍സ, ജാക്കെര്‍ അലി, തസ്‌കിന്‍ അഹ്‌മ്മദ്, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ, തൈജുല്‍ ഇസ്‌ലാം, മുഹുമ്മദുള്‍ ഹസന്‍ ജോയി, നയീം ഹസന്‍, ഖലീല്‍ അഹമ്മദ്

Content highlight: Bangladesh Captain Najmal Hossain Shanto Talking About Test Cricket Against India

We use cookies to give you the best possible experience. Learn more