| Wednesday, 7th December 2022, 4:44 pm

ഓപ്പണറെ മാറ്റിയിട്ടും കാര്യമില്ല; ഇന്ത്യന്‍ ഹീറോയെ നാണം കെടുത്തി ബംഗ്ലാദേശ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ഏകദിനത്തില്‍ അപ്പര്‍ഹാന്‍ഡ് നേടി ബംഗ്ലാദേശ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയും മികച്ച ടോട്ടല്‍ പടുത്തുയര്‍ക്കുകയും ചെയ്ത ബംഗ്ലാദേശ് ബൗളിങ്ങിലും ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്.

പരിക്കേറ്റ് പുറത്തായ രോഹിത് ശര്‍മക്ക് പകരക്കാരനായി വിരാട് കോഹ്‌ലിയായിരുന്നു ശിഖര്‍ ധവാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയത്. മികച്ച ഒരു ബൗണ്ടറിയിലൂടെ ക്ലാസ് വ്യക്തമാക്കിയ വിരാടിനെ അധികനേരം ക്രീസില്‍ നിര്‍ത്തിയാല്‍ പണിപാളുമെന്ന് മനസിലാക്കിയ ബംഗ്ലാദേശ് വിരാടിനെ വളരെ പെട്ടന്ന് തന്നെ പവലിയനിലേക്ക് മടക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ മുന്നില്‍ നിന്നും എറിഞ്ഞുവീഴ്ത്തിയ എദോബാത് ഹുസൈന്‍ തന്നെയാണ് രണ്ടാം മത്സരത്തിലും വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. എദോബാതിന്റെ പേസിന് മുമ്പില്‍ ഉത്തരമില്ലാതെ വിരാട് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

ആറ് പന്തില്‍ നിന്നും ഒരു ബൗണ്ടറി മാത്രം നേടി അഞ്ച് റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. വിരാടിനെ പുറമെ ഓപ്പണര്‍ ശിഖര്‍ ധവാനെയും ഇന്ത്യക്ക് നഷ്ടമായിട്ടുണ്ട്.

പത്ത് പന്തില്‍ നിന്നും എട്ട് റണ്‍സ് മാത്രമാണ് ധവാന്‍ നേടിയത്. മുസ്തഫിസുര്‍ റഹ്മാന്റെ പന്തില്‍ മെഹിദി ഹസന് ക്യാച്ച് നല്‍കിയായിരുന്നു ധവാന്റെ മടക്കം.

നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 24 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. ശ്രേയസ് അയ്യരും വാഷിങ്ടണ്‍ സുന്ദറുമാണ് ഇന്ത്യക്കായി ക്രീസില്‍ നില്‍ക്കുന്നത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാ നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ടീം നടത്തിയത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.

കഴിഞ്ഞ ഏകദിനത്തില്‍ ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ട മെഹിദി ഹസന്‍ തന്നെയായിരുന്നു രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ബൗളര്‍മാരെ ആക്രമിച്ചുകളിച്ചത്. ആദ്യ മത്സരത്തില്‍ കളിയിലെ താരമായ ഹസന്‍ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി തികച്ചാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചത്.

83 പന്തില്‍ നിന്നും പുറത്താകാതെ 100 റണ്‍സാണ് ഹസന്‍ സ്വന്തമാക്കിയത്. എട്ട് ബൗണ്ടറിയും നാല് സിക്സറുമായി 120.48 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. തന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറിയാണ് മെഹിദി ഹസന്‍ ഇന്ത്യക്കെതിരെ കുറിച്ചത്.

മെഹിദി ഹസന് പുറമെ മഹ്മദുള്ളയും ബാറ്റിങ്ങില്‍ കരുത്ത് കാട്ടി. 96 പന്തില്‍ നിന്നും 77 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ബൗളിങ്ങില്‍ വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞത്. പത്ത് ഓവര്‍ എറിഞ്ഞ് 37 റണ്‍സിന് മൂന്ന് വിക്കറ്റാണ് സുന്ദര്‍ നേടിയത്.

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര സജീവമാക്കി നിര്‍ത്തണമെങ്കില്‍ ഈ മത്സരം ജയിച്ചേ മതിയാവൂ. ബംഗ്ലാദേശിനെതിരായ പരമ്പരയിലും പരാജയപ്പെടുകയാണെങ്കില്‍ തുടര്‍ച്ചയായ സീരീസ് പരാജയമാകും ഇന്ത്യക്ക് നേരിടേണ്ടി വരിക.

Content Highlight: Bangladesh bowlers stuns Indian openers in India vs Bangladesh 2nd ODI

We use cookies to give you the best possible experience. Learn more