ധാക്കാ: ഇസ്രഈലില്‍ നിന്ന് ബംഗ്ലാദേശ് മൂന്ന് ലക്ഷത്തിലധികം ഡോളര്‍ ചെലവിട്ട് ഫോണ്‍ ഹാക്കിങ്ങ് ഉപകരണങ്ങള്‍ വാങ്ങിയെന്ന് റിപ്പോര്‍ട്ട്. അല്‍ജസീറയാണ് ഇസ്രഈലി കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് ഹാക്കിങ്ങ് ഉപകരണം വാങ്ങാന്‍ 330000 ഡോളര്‍ ചെലവിട്ടു എന്ന വാര്‍ത്ത പുറത്തുവിട്ടത്.
ഇസ്രഈല്‍- ഫലസ്തീന്‍ പ്രശ്‌നങ്ങളില്‍ ഫലസ്തീനൊപ്പം നില്‍ക്കുന്ന ബംഗ്ലാദേശിന് ഇസ്രഈലുമായി നിലവില്‍ നയതന്ത്ര ബന്ധമില്ല.
മൊബൈല്‍ ഫോണുകളില്‍ നിന്ന് എന്‍ക്രിപ്റ്റ്ഡ് ഡാറ്റ ഉള്‍പ്പെടെ ചോര്‍ത്താന്‍ പര്യാപ്തമായ ഹാക്കിങ്ങ് ടെക്‌നോളജിയാണ് ബംഗ്ലാദേശ് വാങ്ങിയത്. സെലിബ്രെറ്റ സെക്യൂരിറ്റി ഫേം വികസിപ്പിച്ചെടുത്ത യു.എഫ്.ഇ.ഡിക്ക് വ്യത്യസ്ത മൊബൈല്‍ ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കും.
പൗരാവകാശ പ്രവര്‍ത്തകര്‍ ഈ കമ്പനിക്കെതിരെ നിരവധി തവണ പരസ്യ വിമര്‍ശനമുയര്‍ത്തി മുന്നോട്ട് വന്നിരുന്നു.
അതേസമയം ഇസ്രഈലിനെ ബംഗ്ലാദേശ് ഇതുവരെ അംഗീകരിച്ചിട്ടില്ല. ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ഇസ്രഈലിലേക്ക് പോകാനും അനുമതിയില്ല. 2018ല്‍ ബംഗ്ലാദേശ് സൈന്യം ഇസ്ര്ഈല്‍ കമ്പനിയില്‍ നിന്നും ഫോണ്‍ ഇന്റര്‍സെപ്ഷന്‍ ഉപകരണങ്ങള്‍ വാങ്ങിയെന്ന റിപ്പോര്‍ട്ട് അല്‍ജസീറ പുറത്തുവിട്ടിരുന്നു.
2019ല്‍ ഇസ്രഈലി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരില്‍ നിന്ന് ബംഗ്ലാദേശി ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിങ്ങ് ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ വെച്ചായിരുന്നു ഇവര്‍ക്ക് ട്രെയിനിങ്ങ് ലഭിച്ചത്. ഈ റിപ്പോര്‍ട്ടുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുന്നത്.