ഇതെന്താ ടി-20യോ? എത്ര പെട്ടെന്നാ തീർന്നത്; കിവികളെ തകര്‍ത്ത് ബംഗ്ലാ കടുവകള്‍
Cricket
ഇതെന്താ ടി-20യോ? എത്ര പെട്ടെന്നാ തീർന്നത്; കിവികളെ തകര്‍ത്ത് ബംഗ്ലാ കടുവകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd December 2023, 8:12 am

ബംഗ്ലാദേശ് -ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിന് തകര്‍പ്പന്‍ വിജയം. കിവീസിനെ ഒമ്പത് വിക്കറ്റുകള്‍ക്കാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്.

നേരത്തെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ന്യൂസിലാന്‍ഡ് പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ ജയത്തോടെ പരമ്പരയിലെ ആശ്വാസജയം സ്വന്തമാക്കാന്‍ ബംഗ്ലാദേശിനു സാധിച്ചു.

ന്യൂസിലാഡിന്റെ ഹോം ഗ്രൗണ്ടായ മക്ലാന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബൗള്‍ ചെയ്ത ബംഗ്ലാദേശിന്റെ കണക്കുകൂട്ടലുകള്‍ എല്ലാം കളിക്കളത്തില്‍ കൃത്യമായി അവര്‍ നടപ്പാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 31.4 ഓവറില്‍ 98 റണ്‍സിന് പുറത്താവുകയായിരുന്നു.

ബംഗ്ലാ ബൗളിങ് നിരയില്‍ ഷോരിഫുള്‍ ഇസ്ലാം, തന്‍സീന്‍ ഹസന്‍ സാക്കീബ്, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ന്യൂസിലാന്‍ഡ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു.

കിവീസ് ബാറ്റിങ്ങില്‍ വില്ലി യങ്, ടോം ലാതം എന്നിവര്‍ക്ക് മാത്രമാണ് 20 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.

മറുപടി ബാറ്റിങ്ങിറങ്ങിയ ബംഗ്ലാദേശ് 15.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ബംഗ്ലാദേശ് ബാറ്റിങ് നിരയില്‍ നായകന്‍ നജിമുല്‍ ഹുസൈന്‍ ഷാന്റോ 42 പന്തില്‍ 51 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകള്‍ പായിച്ചു കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ബംഗ്ലാദേശ് നായകന് പുറമെ അനാമുല്‍ ഹക്ക് 37 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

Content Highlight: Bangladesh beat New Zealand in ODI.