വീണ്ടും ചരിത്രംകുറിച്ച് ബംഗ്ലാ കടുവകള്‍; കിവീസിനെതിരെ കൂറ്റന്‍ വിജയം
Cricket
വീണ്ടും ചരിത്രംകുറിച്ച് ബംഗ്ലാ കടുവകള്‍; കിവീസിനെതിരെ കൂറ്റന്‍ വിജയം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd December 2023, 1:39 pm

ന്യൂസിലാന്‍ഡ്-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് 150 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ടാം തവണയാണ് ബംഗ്ലാദേശ് ഈ വിജയം സ്വന്തമാക്കിയത്.

ബംഗ്ലാദേശ് ഉയര്‍ത്തിയ 332 റണ്‍സിന്റെ വലിയ വിജയലക്ഷം പിന്തുടരാന്‍ ഇറങ്ങിയ കിവീസ് 181 റണ്‍സിന് പുറത്താവുകയായിരുന്നു.

സ്പിന്നര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ബംഗ്ലാദേശ് തൈജുല്‍ ഇസ്ലാം രണ്ട് ഇന്നിങ്‌സുകളിലായി പത്ത് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ കിവീസ് ബാറ്റര്‍മാര്‍ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.

സൈല്‍ഹെറ്റ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 310 റണ്‍സിന് പുറത്താവുകയായിരുന്നു.

ബംഗ്ലാ ബാറ്റിങ് നിരയില്‍ മഹമൂദുല്‍ ഹസന്‍ ജോയ് 166 പന്തില്‍ 86 റണ്‍സും നജ്മുല്‍ ഹുസൈന്‍ ഷാന്റോ 35 പന്തില്‍ 37 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവച്ചു. കിവീസ് ബൗളിങ് നിരയില്‍ ഗ്ലെന്‍ ഫിലിപ് നാല് വിക്കറ്റും കൈല്‍ ജാമിസണ്‍ രണ്ട് വിക്കറ്റും നേടി.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 317 റണ്‍സിന് പുറത്താവുകയായിരുന്നു. തൈജുല്‍ ഇസ്ലാം നാല് വിക്കറ്റും മോമിനുള്‍ ഹക്ക് മൂന്ന് വിക്കറ്റും നേടിയപ്പോള്‍ കിവീസ് ബാറ്റിങ് 317ല്‍ അവസാനിക്കുകയായിരുന്നു. കിവീസ് ബാറ്റിങ്ങില്‍ 104 റണ്‍സ് നേടി കെയ്ന്‍ വില്യംസണ്‍ മികച്ച പ്രകടനം നടത്തി.

സെക്കന്റ് ഇന്നിങ്‌സില്‍ ബാറ്റ് വീശിയ ബംഗ്ലാദേശ് നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ 338 റണ്‍സ് പടുത്തുയര്‍ത്തുകയായിരുന്നു. നജ്മുല്‍ ഹുസൈനൊപ്പം മുഷ്ഫിക്കർ റഹീം 67 നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടാം ഇന്നിങ്‌സില്‍ അജാസ് പട്ടേല്‍ നാല് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തി.

നാലാം ദിവസം 332 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ബ്ലാക്ക് ക്യാപ്‌സ് 181 റണ്‍സിന് പുറത്താവുകയായിരുന്നു. ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയില്‍ ഡാരില്‍ മിച്ചല്‍ 58 റണ്‍സും ടിം സൗത്തി 34 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല.

രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് ബൗളിങ്ങില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി തൈജൂല്‍ ഇസ്ലാം മികച്ച പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാദേശ് 150 ഫ്രണ്ട്‌സിന്റെ ചരിത്രവിജയം ഒരു ദിവസം ബാക്കിനില്‍ക്കെ സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്താനും ബംഗ്ലാദേശിന് സാധിച്ചു. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ബംഗ്ലാദേശ്. ഡിസംബര്‍ ആറിനാണ് രണ്ടാം ടെസ്റ്റ് നടക്കുക. ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയമാണ് വേദി.

Content Highlight: Bangladesh beat New Zealand in first test match.