| Sunday, 10th June 2018, 3:24 pm

ചരിത്രം കുറിച്ച് ബംഗ്ലാദേശ് വനിതകള്‍; ഇന്ത്യയെ തകര്‍ത്ത് ഏഷ്യ കപ്പ് കിരീടം നേടി ബംഗ്ലാദേശ്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയെ തകര്‍ത്ത് ചരിത്രത്തിലാദ്യമായി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ബംഗ്ലാദേശ് വനിതകള്‍. 113 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശ് 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. അവസാന ഓവറില്‍ വിജയത്തിനായി 9 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശ് അവസാന പന്തിലാണ് ജയം കണ്ടത്. ഇന്ത്യന്‍ നായിക ഹര്‍മ്മന്‍പ്രീത് കൗര്‍ ആയിരുന്നു അവസാന ഓവര്‍ എറിഞ്ഞത്.

113 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി ഒന്നാം വിക്കറ്റില്‍ 35 റണ്‍സ് നേടി ഓപ്പണര്‍മാര്‍ വിജയത്തിലേക്ക് ടീമിനെ നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് തുടരെയുള്ള പന്തുകളില്‍ ഓപ്പണര്‍മാരെ പൂനം യാദവ് പുറത്താക്കിയത്. അയഷ റഹ്മാന്‍ 17 റണ്‍സും ഷമീമ സുല്‍ത്താന 16 റണ്‍സുമാണ് നേടിയത്. ഇരുവരും പുറത്തായ ശേഷം മൂന്നാം വിക്കറ്റില്‍ 20 റണ്‍സ് കൂട്ടിചേര്‍ത്ത ബംഗ്ലാദേശിനെ ഫര്‍ഗാന ഹക്കിന്റെ വിക്കറ്റും വീഴ്ത്തി പൂനം യാദവ് തന്നെ തിരിച്ചടി നല്‍കി.


Read Also : മതവിദ്വേഷം പരത്തുന്നവര്‍ക്കുമുന്നില്‍ എനിക്ക് നിശ്ശബ്ദയാകാന്‍ കഴിയുമായിരുന്നില്ല; ബി.ജെ.പി നേതാവിന്റെ അറസ്റ്റില്‍ വിശദീകരണവുമായി വീണ ജോര്‍ജ്ജ് എം.എല്‍.എ


 

മികച്ച രീതിയില്‍ ബംഗ്ലാദേശിനെ മുന്നോട്ട് നയിക്കുകയായിരുന്നു നിഗാര്‍ സുല്‍ത്താനയെയും പൂനം യാദവ് മടക്കിയയച്ചു. 28 റണ്‍സാണ് റുമാനയ്‌ക്കൊപ്പം നിഗാര്‍ നേടിയത്. പൂനം യാദവ് തന്റെ സ്‌പെല്ലില്‍ വെറും 9 റണ്‍സ് വിട്ടു നല്‍കി 4 വിക്കറ്റാണ് നേടിയത്.

നേരത്തെ 20 ഓവറില്‍ ഇന്ത്യ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 112 റണ്‍സാണ് നേടിയത്. തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ 100 റണ്‍സ് കടക്കുവാന്‍ സഹായിച്ചത് ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറിന്റെ ബാറ്റിംഗാണ്. അര്‍ദ്ധ ശതകം നേടിയ ഹര്‍മ്മന്‍പ്രീത് കൗറും എട്ടാം വിക്കറ്റില്‍ ഒത്തുകൂടിയ ജൂലന്‍ ഗോസ്വാമിയും ചേര്‍ന്നാണ് നിര്‍ണ്ണായകമായ 33 റണ്‍സ് നേടിയത്.

32-4 എന്ന നിലയില്‍ നിന്ന് വേദ കൃഷ്ണമൂര്‍ത്തിയ്‌ക്കൊപ്പം 30 റണ്‍സ് അഞ്ചാം വിക്കറ്റില്‍ ഹര്‍മ്മന്‍പ്രീത് നേടിയെങ്കിലും വേദ പുറത്തായ ശേഷം വിക്കറ്റുകള്‍ വീണ്ടും വീണത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ബംഗ്ലാദേശിനു വേണ്ടി റുമാന അഹമ്മദ്, ഖദീജ തുല്‍ കുബ്ര എന്നിവര്‍ രണ്ടും സല്‍മ ഖാത്തുന്‍, ജഹനാര അലം എന്നിവര്‍ ഓരോ വിക്കറ്റും നേടി.


We use cookies to give you the best possible experience. Learn more