ബംഗ്ലാദേശില്‍ വിദ്യാർത്ഥി പ്രക്ഷോഭം കനക്കുന്നു; രാജ്യത്ത് റാലികൾ നിരോധിച്ച് സർക്കാർ
World News
ബംഗ്ലാദേശില്‍ വിദ്യാർത്ഥി പ്രക്ഷോഭം കനക്കുന്നു; രാജ്യത്ത് റാലികൾ നിരോധിച്ച് സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th July 2024, 9:28 pm

ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനക്കുന്നതിനിടെ തലസ്ഥാന ​ന​ഗരമായ ധാക്കയിൽ റാലികൾ നിരോധിച്ച് സർക്കാർ. വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ ഭാ​ഗമായി വ്യാപക അക്രമസംഭവങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

ഇതിനെ തുടർന്ന് ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിരുന്നു. ഈ ആഴ്‌ച നടന്ന ഏറ്റുമുട്ടലിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച മാത്രം 39 പേരെങ്കിലും മരിച്ചതായി എ.എഫ്‌.പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ 64 ജില്ലകളിൽ പകുതിയോളം ജില്ലകളിലും ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച വിദ്യാർത്ഥികൾ വീണ്ടും തെരുവിലിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ധാക്കയിൽ പൊതുയോ​ഗങ്ങൾക്ക് വിലക്കേർപ്പെടുത്തി പൊലീസ് ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ദിവസം രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമെന്ന് പ്രതിഷേധക്കാരെ ഉദ്ധരിച്ചുകൊണ്ട് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യവ്യാപക പ്രതിഷേധത്തിനിടെ ഈ ആഴ്ച ഏറ്റുമുട്ടലില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു ഇതിന് പിന്നാലെയാണ് രാജ്യം സ്തംഭിപ്പിക്കുമെന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചത്.

സമ്പൂര്‍ണ അടച്ചുപൂട്ടലിനുള്ള പദ്ധതികളുമായി തങ്ങള്‍ മുന്നോട്ട് പോകുമെന്ന് പ്രതിഷേധ കോര്‍ഡിനേറ്റര്‍ നഹിദ് ഇസ്‌ലാം പറഞ്ഞു. ആശുപത്രികളും അടിയന്തര സേവനങ്ങളും മാത്രമേ പ്രവര്‍ത്തനക്ഷമമായി തുടരുകയുള്ളുവെന്നും ആംബുലന്‍സുകളെ മാത്രമേ റോഡിലൂടെ ഓടാന്‍ അനുവദിക്കുള്ളുവെന്നും നഹിദ് ഇസ്‌ലാം കൂട്ടിച്ചേര്‍ത്തു.

170 ദശലക്ഷത്തോളം വരുന്ന മൊത്തം ജനസംഖ്യയില്‍ ഏകദേശം 32 ദശലക്ഷത്തോളം ആളുകള്‍ ജോലിയോ വിദ്യാഭ്യാസമോ ഇല്ലാത്തവരായ യുവാക്കളാണെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. 1971ലെ സ്വാതന്ത്ര്യസമരത്തിലെ വിമുക്തഭടന്മാരുടെ കുടുംബങ്ങള്‍ക്കുള്ള 30 ശതമാനം സംവരണത്തിന്റെ ക്വാട്ട നിര്‍ത്തലാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

Content Highlight: Bangladesh bans rallies as violent protests spiral out of control