ധാക്ക: ബ്ലോഗറായ അവിജിത് റോയി ഉള്‍പ്പടെ മൂന്ന് മതേതര എഴുത്തുകാരെ വധിച്ച യാഥാസ്ഥിതിക സംഘടനയായ അന്‍സാറുല്ല ബംഗ്ലാ ടീമിനെ ബംഗ്ലാദേശ് നിരോധിച്ചു. സംഘടനയെ നിരോധിച്ചതായി അറിയിച്ച് കൊണ്ട് ബംഗ്ലാദേശ് അഭ്യന്തര മന്ത്രാലയമാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
ബ്ലോഗര്‍മാരായ അവിജിത് റോയി, വസീഖു റഹ്മാന്‍, അനന്ത ബിജോയ് ദാസ, സര്‍വകലാശാല അധ്യാപകനായ ശഫീ-ഉല്‍ ഇസ്‌ലാം എന്നിവരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഇവര്‍ ഏറ്റെടുത്തിരുന്നു. ഇതിന് പി്ന്നാലെയാണ് സംഘടനയെ നിരോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.കഴിഞ്ഞയാഴ്ച ധാക്ക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്‍പ്പടെ 10ഓളം പേരെ കൊലപ്പെടുത്തുമെന്ന് ഇവര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്്തിരുന്നു.
2008ല്‍ രൂപീകൃതമായ അന്‍സാറുല്ല ബംഗ്ലാ, തീവ്രവാദ സംഘടനയായ അല്‍ഖാഇദയുടെ ആശയഗതികള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. നേരത്തെ നിര്‍ജീവമായിരുന്ന സംഘടന 2013 മുതലാണ് ബംഗ്ലാദേശില്‍ സജീവമായിരുന്നത്.
2013ന് ശേഷമാണ് സംഘടന മതേതര എഴുത്തുകാരെ ലക്ഷ്യം വെച്ച് ആക്രമണങ്ങള്‍ തുടങ്ങിയത്. 2013ല്‍ അഹമ്മദ് റാജിബ് ഹൈദര്‍ എന്ന ബ്ലോഗറെ ഇവര്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷം അന്‍സാറുല്ല ബംഗ്ലാ ടീമിന്റെ നേതാവായ മുഫ്തി ജാസിമുദ്ദീന്‍ റഹ്മാനിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
നിലവില്‍ ഹര്‍ക്കത്തുല്‍ ജിഹാദ് അല്‍ ഇസ്‌ലാം, ജാഗ്രതോ മുസ്‌ലിം ജനത ബംഗ്ലാദേശ്, ജുമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ്, ശഹാദത്ത് അ്ല്‍ ഹിക്മത്, ഹിസ്ബുത് തഹ്‌രീര്‍ എന്നീ സംഘടനകളെ ബംഗ്ലാദേശ് നിരോധിച്ചിട്ടുണ്ട്.