ആളിക്കത്തി, എരിഞ്ഞടങ്ങി; ബംഗ്ലാദേശ് 222 ന് പുറത്ത്
Asia Cup Final
ആളിക്കത്തി, എരിഞ്ഞടങ്ങി; ബംഗ്ലാദേശ് 222 ന് പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th September 2018, 8:48 pm

ദുബായ്: ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് 48.3 ഓവറില്‍ 222 റണ്‍സിന് എല്ലാവരും പുറത്തായി. മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാതിരുന്ന ബംഗ്ലാ കടുവകള്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ കണിശതയാര്‍ന്ന പ്രകടനത്തിന് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിര അവിശ്വസനീയമാംവിധം തകര്‍ന്നടിഞ്ഞത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് 3 വിക്കറ്റും കേദാര്‍ ജാദവ് രണ്ട് വിക്കറ്റും നേടി.

നേരത്തെ സെഞ്ച്വറി നേടിയ ലിതോന്‍ ദാസും 32 റണ്‍സെടുത്ത മെഹ്തി ഹസനും മികച്ച തുടക്കാണ് ബംഗ്ലാദേശിന് നല്‍കിയത്. ലിതോന്‍ ആക്രമിച്ച് കളിച്ചപ്പോള്‍ മെഹ്തി ഹസന്‍ ശ്രദ്ധയോടെയായിരുന്നു ബാറ്റ് ചെയ്തത്. 12 ഫോറും 2 സിക്‌സുമടക്കം 121 റണ്‍സാണ് ലിതോന്‍ അടിച്ചെടുത്തത്.

ALSO READ: ഫുട്‌ബോള്‍ അങ്ങിനെയാണ്; സങ്കടക്കടലിലായാലും പ്രതീക്ഷ നല്‍കും; വീഡിയോ

എന്നാല്‍ മെഹ്തി ഹസന്‍ പുറത്തായതോടെ ബംഗ്ലാദേശിന്റെ തകര്‍ച്ച തുടങ്ങി. മെഹ്തി ഹസന്‍ 59 പന്തില്‍ 32 റണ്‍സെടുത്ത് പുറത്തായി. കേദാര്‍ ജാദവിനായിരുന്നു വിക്കറ്റ്.

പിറകെ വന്നവര്‍ ഒന്നൊന്നായി പവലിയനിലേക്ക് മടങ്ങിയപ്പോഴും ലിതോന്‍ അടിയുറച്ച് നിന്നു. ഫസ്റ്റ് ഡൗണായിറങ്ങിയ ഇമ്രുല്‍ കയീസ് ചാഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

33 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരാണ് ഓപ്പണര്‍മാര്‍ക്ക് പുറമെ ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്‍.

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തി. ഇതോടെ അഫ്ഗാനെതിരെ കളിച്ച ലോകേഷ് രാഹുല്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, മനീഷ് പാണ്ഡെ, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ പുറത്തായി.

WATCH THIS VIDEO: