| Tuesday, 20th November 2012, 10:41 am

ബംഗാളിന്റെ അതൃപ്തി; സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരം നീട്ടി വെച്ചേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നീട്ടി വെയ്ക്കുമെന്ന് സൂചന. ജനുവരിയില്‍ കേരളത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ടൂര്‍ണമെന്റാണ് മാറ്റിവെക്കുന്നത്. ജനുവരിയില്‍ നടത്തിയാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്ന് വെസ്റ്റ് ബംഗാള്‍ ടീം അധികൃതര്‍ അറിയിച്ചതോടെയാണ് ടൂര്‍ണമെന്റ് നീട്ടിവെക്കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന്‍ ആലോചിക്കുന്നത്.[]

സന്തോഷ് ട്രോഫി മത്സരങ്ങള്‍ ജനുവരി ആദ്യ ആഴ്ചയില്‍ നടത്താനാണ് കേരളാ ഫുട്‌ബോള്‍ അസോസിയേഷനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും നേരത്തെ ധാരണയായിരുന്നത്. എന്നാല്‍, ഇതേ സമയം തന്നെ കൊല്‍ക്കത്ത പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നതാണ് ബംഗാള്‍ അസോസിയേഷന്റെ അതൃപ്തിക്ക് കാരണം.

ഫെബ്രുവരി രണ്ടാം ആഴ്ച വരെ കൊല്‍ക്കത്ത പ്രീമിയര്‍ ലീഗ് നീളുന്നതിനാല്‍ സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് ഫെബ്രുവരി അവസാനത്തേക്ക് മാറ്റണമെന്നാണ് അസോസിയേഷന്റെ ആവശ്യം. ബംഗാള്‍ ഫുട്‌ബോള്‍ ടീം അധികൃതരായ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെയാണ് കൊല്‍ക്കത്ത പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നത്.

ലീഗ് നടക്കുന്നതിനാല്‍ വെസ്റ്റ് ബംഗാള്‍ ടീമിന് വേണ്ടി കളിക്കാനുള്ള താരങ്ങള്‍ക്ക് ദേശിയ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാവില്ലെന്നാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷനെ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ടീമിനെ പങ്കെടുപ്പിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫെഡറേഷന് ഐ.എഫ്.എ അയച്ച കത്തില്‍ വ്യക്തമാക്കുന്നു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനിലെ പ്രബലശക്തികളാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. അതിനാല്‍ ബംഗാള്‍ അസോസിയേഷന്റെ ആവശ്യം അവഗണിക്കാന്‍ ദേശീയ ഫെഡറേഷന്‍ തയ്യാറാവില്ലെന്നാണ് സൂചന.

ഈ മാസം 28ന് ചേരുന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടാകും.

We use cookies to give you the best possible experience. Learn more