എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് യു.പി വാരിയേഴ്‌സിനെതിരെ രണ്ട് റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത വാരിയേഴ്‌സിനെതിരെ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് ആണ് ആര്‍.സി.ബി നേടിയത്.
മറുപടി ബാറ്റിങ്ങില്‍ യു.പിക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്. അവസാന നിമിഷം വരെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആവേശം നിറച്ച മത്സരമായിരുന്നു ഇത്.
ആര്‍.സി.ബിയുടെ വിജയത്തിന് പിന്നില്‍ കരുത്തുറ്റ ബൗളിങ് നിര തന്നെയായിരുന്നു. ശോഭന ആശയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് യു.പി നിലം പതിച്ചത്. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ ആണ് താരം വീഴ്ത്തിയത്. 5.50 എന്ന ഇക്കണോമിയിലാണ് താരം പന്തറിഞ്ഞത്. ഇതോടെ 2024 സീസണില്‍ ഫൈഫര്‍ സ്വന്തമാക്കുന്ന ആദ്യ താരമാണ് ശോഭന. മാത്രമല്ല പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ ഫൈഫര്‍ സ്വന്തമാക്കുന്ന താരമായി മാറാനും ശോഭനക്ക് കഴിഞ്ഞു.
റോയല്‍ ചലഞ്ചേഴ്‌സ്‌നു വേണ്ടി റിച്ച ഘോഷ് 37 പന്തില്‍ നിന്ന് 62 റണ്‍സ് ആണ് നേടിയത്. 12 ബൗണ്ടറികള്‍ അടക്കം 167.57 തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. റിച്ചക്ക് പുറമേ 44 പന്തില്‍ ഒരു സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 53 റണ്‍സ് നേടി സബ്ബിനെനി മേഘ്‌നയും അര്‍ധ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ സ്മൃതി മന്ദാനക്ക് 13 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. യു.പിയുടെ ഗ്രേസ് ഹാരിസ്, താലിയ മഗ്രാത്, സോഫി എക്ലസ്റ്റോണ്‍, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രാജേശ്വരി ഗെയ്ക്വാദ് രണ്ട് വിക്കറ്റുകളും വീഴ്ത്തി.
വാരിയേഴ്‌സിന് വേണ്ടി ഗ്രേസ് ഹാരിസ് 23 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയപ്പോള്‍ ശ്വേതാ സെഹിരാവത്ത് 31 റണ്‍സും താലിയ മഗ്രാത് 22 റണ്‍സും നേടി. ശോഭന ആശക്ക് പുറമേ സോഫി മോളിനക്‌സ്, ജോര്‍ജിയ വേര്‍ഹാം എന്നിവര്‍ക്ക് ഓരോ വിക്കറ്റുകളും സ്വന്തമാക്കാന്‍ സാധിച്ചു.
Content Highlight: Bangalore Win First Match Against U.P Warriorz