ഭീകരബന്ധ ആരോപണം: തീവ്രവാദികളുമായി ബന്ധപ്പെട്ടത് സകൈപ്പ് വഴിയെന്ന് കര്‍ണാടക പോലീസ്
India
ഭീകരബന്ധ ആരോപണം: തീവ്രവാദികളുമായി ബന്ധപ്പെട്ടത് സകൈപ്പ് വഴിയെന്ന് കര്‍ണാടക പോലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st September 2012, 12:23 pm

ബാംഗ്ലൂര്‍:കര്‍ണാടകയില്‍ ഭീകരബന്ധം ആരോപിച്ച് അറസ്റ്റിലായ പത്രപ്രവര്‍ത്തകനുള്‍പ്പെടെയുള്ള പതിനൊന്ന സംഘം സൗദിയിലെ ഭീകരരുമായി ബന്ധപ്പെട്ടത് സ്‌കൈപ്പ് വഴിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ചിലവ് കുറഞ്ഞ ഇന്റര്‍നെറ്റ് സൗകര്യമെന്ന നിലയിലാണ് ഇവര്‍ സ്‌കൈപ്പ് തിരഞ്ഞെടുത്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.[]

ഹുജി, ലഷ്‌കര്‍ ഇ ത്വയ്ബ എന്നീ നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ലേഖകനും ഡി.ആര്‍.ഡി.ഒയിലെ ശാസ്ത്രജ്ഞനും ഉള്‍പ്പെട്ട സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ആറുപേരെ ബാംഗ്ലൂരില്‍ നിന്നും ബാക്കിയുള്ളവരെ ഹ്ലൂഗ്ലിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തതായി കര്‍ണാടക ഡി.ജി.പി നേരത്തേ അറിയിച്ചിരുന്നു.

ഇവരില്‍ നിന്നും കണ്ടെത്തിയ ലാപ്‌ടോപ്പില്‍ നിന്ന് തീവ്രവാദ സ്വഭാവമുള്ള നൂറിലധികം എസ്.എം.എസുകളും ഇമെയിലുകളും കണ്ടെടുത്തിട്ടുണ്ടെന്നും ലാപ്‌ടോപ്പ് പരിശോധിച്ചപ്പോള്‍ സ്‌കൈപ്പ് വഴി നിരന്തരം സൗദി അറേബ്യയിലെ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതെന്നും ഉപമുഖ്യമന്ത്രി ആര്‍. അശോക പറഞ്ഞു.

ധര്‍വാദ് എം.പി പ്രഹളാദ് ജോഷിയെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഇവരില്‍നിന്ന് ഒരു തോക്കും തീവ്രവാദ സ്വഭാവമുള്ള രേഖകളും പിടിച്ചെടുത്തതായും എം.പിമാര്‍, എം.എല്‍.എമാര്‍, പത്രപ്രവര്‍ത്തകര്‍, ഹിന്ദു സംഘടനകളുടെ നേതാക്കള്‍ എന്നിവരെ വകവരുത്താന്‍ ഇവര്‍ പദ്ധതിയിട്ടതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇന്നലെ പോലീസ് വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ മൂന്ന് മാസമായി സംഘം നിരീക്ഷണത്തിലായിരുന്നെന്നും സ്‌കൈപ്പ് വഴിയുള്ള ഫോണ്‍ സംഭാഷണങ്ങളെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ക്കായി ഇന്റര്‍പോളിന്റെ സഹായം അഭ്യര്‍ഥിച്ചതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.