[] റാഞ്ചി: സെമിഫൈനല്‍ പ്രതീക്ഷകള്‍ക്ക് ജയം അനിവാര്യമായിരുന്ന ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് അഞ്ച് വിക്കറ്റ് ജയം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയാണ് ബാംഗ്ലൂര്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയത്. അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എ.ബി ഡിവില്ലിയേഴ്‌സാണ് ബാംഗളൂരിനെ വിജയത്തിലേക്കെത്തിച്ചത്. 14 പന്തില്‍ ഡിവില്ലിയേഴ്‌സ് മൂന്ന് സിക്‌സും ഒരു ബൗണ്ടറിയും അടക്കം 28 റണ്‍സ് നേടി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സിന് സുരേഷ് റെയ്‌നയുടെ അര്‍ധ സെഞ്ച്വറിയുടെ മികവില്‍ നാല് വിക്കറ്റിന് 138 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 62 റണ്‍സ് നേടിയ റെയ്‌നയും 25 റണ്‍സ് നേടിയ ഡേവിഡ് ഹസിയുമാണ് ചെന്നൈയ്ക്കു വേണ്ടി തിളങ്ങിയത്. ധോണിക്ക് ഏഴ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ചെന്നൈ മുന്നോട്ടുവച്ച 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാംഗ്ലൂരിന്റെ ക്രിസ് ഗെയ്ല്‍ 46 റണ്‍സും വിരാട് കൊഹ്‌ലി 27 റണ്‍സും നേടി. ഡിവില്ലിയേഴ്‌സാണ് മാന്‍ ഓഫ് ദ മാച്ച്. ഈ വിജയത്തോടെ 10 പോയിന്റുമായി ബാംഗളൂര്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.