| Wednesday, 8th May 2019, 5:56 pm

ദിവ്യ സ്പന്ദനയെ അപകീത്തിപ്പെടുത്തി: ഏഷ്യനെറ്റ് ന്യൂസിനും സുവർണ്ണ ന്യൂസിനും 50 ലക്ഷം രൂപ പിഴ വിധിച്ച് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: നടിയും രാഷ്ട്രീയ നേതാവും മുൻ കോൺഗ്രസ് എം.പിയുമായ ദിവ്യ സ്‌പന്ദനയ്‌ക്കെതിരെ അപകീര്‍ത്തികരമായ വാർത്ത നൽകിയതിന്റെ പേരിൽ വാർത്താ ചാനലുകൾക്കെതിരെ കോടതി നടപടി. ബി.ജെ.പി. എം.പി. രാജീവ് ചന്ദ്രശേഖറിന് വിഹിതമുള്ള ഏഷ്യാനെറ്റ്‌ ന്യൂസ്, സുവര്‍ണ ന്യൂസ് എന്നീ ചാനലുകള്‍ക്ക് ബാംഗ്ളൂർ ഹൈക്കോടതി പിഴ ചുമത്തി.

2013ലെ ഐ.പി.എല്‍. വാതുവെയ്പ്പിൽ ദിവ്യ സ്‌പന്ദന ഇടപെട്ടുവെന്ന് ഇരു ചാനലുകളും തെറ്റായി വാർത്ത നൽകിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് കോടതി 50 ലക്ഷം രൂപ പിഴ വിധിച്ചത്. മാധ്യമപ്രവർത്തന രംഗത്തെ നൈതികതയ്ക്ക് കോട്ടം തട്ടിക്കുന്ന പ്രവൃത്തിയാണ് ചാനലുകളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.

ഈ വാതുവയ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഒരു വാർത്തയും നൽകരുതെന്ന സപ്ന്ദനയുടെ ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. ഐ.പി.എൽ. വാതുവയ്പ്പുമായി ബന്ധപ്പെട്ട് ചില കന്നട താരങ്ങളുടെ ഇടപെടൽ വാർത്തയിൽ ഉൾപ്പെടുത്തിയപ്പോൾ അതില്‍ ദിവ്യ സ്പന്ദനയുടെ ചിത്രവും ചാനലുകള്‍ വന്നിരുന്നു.

ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ അംബാസഡർ ആയി മുൻപ് ദിവ്യ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് ഐ.പി. എല്ലുമായുള്ള ബന്ധം ദിവ്യ അവസാനിപ്പിച്ചിരുന്നു. താന്‍ ഐ.പി.എല്‍. 2013ന്റെ ഭാഗമായിരുന്നില്ലെന്നും ആ സമയത്ത് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നുവെന്നും സ്‌പന്ദന കോടതിയില്‍ ബോധിപ്പിച്ചു. ഇരു വാർത്താ ചാനലുകളുകളിലും രാജീവ് ചന്ദ്രശേഖറിന് വിഹിതമുണ്ട്.

ഐ.പി.എല്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും പിടികൂടിയവരെ ചോദ്യം ചെയ്തപ്പോള്‍ ദിവ്യ സ്‌പന്ദനയുടെ പേര് ആരും പറഞ്ഞിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, തങ്ങൾ ദിവ്യയ്ക്ക് അപകീർത്തി വരുത്തിയിട്ടില്ലെന്നും, പ്രകടമായി ദിവ്യക്കെതിരെ വാർത്തകൾ നൽകിയിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെയും സുവർണ ന്യൂസിന്റെയും അഭിഭാഷകർ കോടതിയിൽ വാദിച്ചു.

We use cookies to give you the best possible experience. Learn more