ബംഗളുരു: ബംഗളുരുവില്‍ ഞായറാഴ്ച്ചയുണ്ടായ സ്‌ഫോടനം നടത്തിയ പ്രതിയുടെ ദൃശ്യം പോലീസിനു ലഭിച്ചു. സ്വകാര്യ ബസ് സര്‍വ്വീസ് ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. നീല ജീന്‍സും വെള്ള ടീ ഷര്‍ട്ടുമാണ് പ്രതിയുടെ വേഷം.
ബംഗളുരു കമ്മീഷണര്‍ എ.എന്‍ റെഡ്ഢിയാണ് ദൃശ്യങ്ങള്‍ പിടിച്ചെടുത്തത്. ഓഫീസിലെ ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് പോലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്തുനിന്ന് പ്രതി ഓട്ടോയില്‍ ബസ് സ്‌റ്റേഷനിലേക്കു പോയി. അവിടെ നിന്നും പിന്നീട് ഓട്ടോയില്‍ ഫോറം മാളിലും പോയി. ദൃശ്യങ്ങള്‍ വാട്‌സാപ്പ് വഴി എല്ലാ ചെക്ക്‌പോസ്റ്റുകളിലേക്കും അയച്ചു കൊടുത്തിട്ടുണ്ട്.
അതേ സമയം ആക്രമണത്തിന് പിന്നില്‍ നിരോധിത സംഘടനയായ സിമിയാണോ എന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ എന്‍.ഐ.എയുടെ ഹൈദരാബാദ് യൂണിറ്റ് അന്വേഷണം നടത്തും. അതേസമയം സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളായ ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളുരുവില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കുമെന്നും ഇതിനു വേണ്ടി കര്‍ണാടക സര്‍ക്കാരിനു വേണ്ടി എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.