|

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിനിടെ പരിക്കേറ്റ സി.പി.ഐ.എം പ്രവര്‍ത്തകന്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസത്തിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ സി.പി.ഐ.എം പ്രവര്‍ത്തകന്‍ മരിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസമായ ജൂണ്‍ 15ന് ദിനജ്പൂര്‍ ജില്ലയിലെ ചോപ്രയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ സി.പി.ഐ.എം പ്രവര്‍ത്തകന്‍ മന്‍സൂര്‍ അലം ആണ് സില്ലിഗുരി നേഴ്‌സിങ് ഹോമില്‍ വെച്ച് മരണപ്പെട്ടതെന്ന് പാര്‍ട്ടി അറിയിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

സംഘര്‍ഷത്തില്‍ അദ്ദേഹത്തിന് വെടിയേല്‍ക്കുകയും മര്‍ദനമേല്‍ക്കുകയും ചെയ്തതായി പാര്‍ട്ടി ഭാരവാഹി പറഞ്ഞു. ചോപ്ര ടൗണില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള സില്ലിഗുരിയിലെ നേഴ്‌സിങ് ഹോമിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഇവിടെ പ്രവേശിപ്പിച്ചത് മുതല്‍ അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു.

മന്‍സൂര്‍ അലമിന്റെ ജീവന്‍ നഷ്ടപ്പെട്ടത് ഏറെ വിഷമകരമാണെന്നും കുറ്റക്കാരെ ഉടന്‍ തന്നെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെയും തങ്ങളെ പിന്തുണക്കുന്നവരെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് സി.പി.ഐ.എം ആരോപിച്ചു.

അതേസമയം, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസവും സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന സമയത്തും സി.പി.ഐ.എം പലയിടത്തും സംഘര്‍ഷങ്ങള്‍
ഉണ്ടാക്കിയെന്ന് തൃണമൂല്‍ കുറ്റപ്പെടുത്തി.

ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ 75,000 സീറ്റിലേക്കാണ് ജൂലൈ ഏഴിന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ജൂണ്‍ എട്ടിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ ഒന്‍പത് പേരാണ് മരിച്ചത്. പര്‍ഖനാസ് ജില്ലയിലെ ഭന്‍കറില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേരാണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച, സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പ് നടക്കുന്നിടത്ത് കേന്ദ്ര സായുധ സേനയെ വിന്യസിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചിരുന്നു.

Content Highlight: Bangal punchayath poll clash; CPIM worker died due to injury