| Wednesday, 24th May 2023, 8:59 pm

ഗാംഗുലിക്ക് ബംഗാള്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയില്ലെന്ന് ബി.ജെ.പി; രാഷ്ട്രീയവത്ക്കരിക്കരുതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: സൗരവ് ഗാംഗുലിയെ ത്രിപുരയിലെ ടൂറിസം അബാസിഡര്‍ ആക്കി നിയമിച്ചതിന് പിന്നാലെ ഗാംഗുലിക്ക് ബംഗാള്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയില്ലെന്ന ആരോപണവുമായി ബി.ജെ.പി. തൃണമൂല്‍ സര്‍ക്കാരിന് കീഴില്‍ ഗാംഗുലിക്ക് അര്‍ഹിച്ച ബഹുമാനം ലഭിച്ചില്ലെന്നും കൊല്‍ക്കത്തയിലെ ഷെരിഫ് ആയി അദ്ദേഹത്തെ നിയമിക്കണമെന്നും ബംഗാളിലെ ബി.ജെ.പി യൂണിറ്റ് ആവശ്യമുന്നയിച്ചു.

‘തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഗാംഗുലിക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയില്ല. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അദ്ദേഹത്തെ അവരുടെ ബ്രാന്‍ഡ് അബാസിഡറായി നിയമിച്ചു,’ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുകാന്ത് മജുംദാര്‍ പറഞ്ഞു. അദ്ദേഹത്തെ മെട്രോപോളിസ് ഷെരിഫ് ആയി നിയമിക്കണമെന്നും സുകാന്ത് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ബി.സി.സി ഐ പ്രസിഡന്റായി റോജര്‍ ബിന്നി സ്ഥാനമേറ്റപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുതലക്കണ്ണീര്‍ ഒഴുക്കിയെന്നും എന്നാല്‍ ഗാംഗുലിക്ക് അര്‍ഹിച്ച ബഹുമാനം നല്‍കിയില്ലെന്നും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷും പറഞ്ഞു.

‘സൗരവ് ഗാംഗുലിയെ പോലുള്ള ഇതിഹാസം നിങ്ങളുടെ സംസ്ഥാനത്ത് ഉണ്ടാകുമ്പോള്‍ എന്തിനാണ് സംസ്ഥാനത്ത് മറ്റൊരാളെ ബ്രാന്‍ഡ് അബാസിഡറായി ആവശ്യം? ( ബംഗാളിലെ ബ്രാന്‍ഡ് അംബാസിഡര്‍ ഷാരൂഖ് ഖാന്‍ ആണ്) എന്നാല്‍ സംസ്ഥാനത്തെ ബംഗാളികളുടെ വികാരത്തെ മാനിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒരിക്കലും മെനക്കെട്ടില്ല,’ ഘോഷ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഗാംഗുലിക്ക് പകരക്കാരനായി റോജര്‍ ബിന്നി ബി.സി.സി.ഐ പ്രസിഡന്റായി വന്നപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇത് രാഷ്ട്രീയ പകപോക്കലാണെന്നും മുന്‍ ഇന്ത്യന്‍ നായകനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ബി.ജെ.പി അദ്ദേഹത്തെ അപമാനിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, പതിവ് രീതിയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ബി.ജെപിയുടെ ആരോപണത്തോട്
തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.

‘സിനിമാ താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും ബ്രാന്‍ഡ് അബാസിഡര്‍മാര്‍ ആകുന്നത് സാധാരണ രീതിയാണ്. ബി.ജെ.പി വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ നോക്കുകയാണ്. കഴിഞ്ഞ വര്‍ഷം ബി.സി.സി.ഐയില്‍ എങ്ങനെയാണ് സൗരവ് ഗാംഗുലിയെ ബി.ജെ.പി അപമാനിച്ചതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം,’ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗദ റോയ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സൗരവ് ഗാംഗുലിയെ ത്രിപുര ടൂറിസത്തിന്റെ അംബാസിഡറായി നിയമിച്ചതായി മുഖ്യമന്ത്രി മണിക് സാഹ അറിയിച്ചത്. ഗാംഗുലിയുടെ പങ്കാളിത്തം സംസ്ഥാനത്തിന്റെ ടൂറിസം മേഖലക്ക് ഉണര്‍വ് നല്‍കുമെന്നും ബ്രാന്‍ഡ് അംബാസിഡറാകാനുള്ള തങ്ങളുടെ നിര്‍ദേശം അദ്ദേഹം അംഗീകരിച്ചത് അഭിമാനകരമാണെന്നും സാഹ സമൂഹ മാധ്യമത്തില്‍ കുറിച്ചിരുന്നു.

Contenthighlight: Bangal government never ganguli due respect: BJP

We use cookies to give you the best possible experience. Learn more