| Wednesday, 12th June 2019, 5:13 pm

ബംഗാളില്‍ സംഘര്‍ഷം തുടരുന്നു; പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും ഏറ്റുമുട്ടി, നിരവധി പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ഒടുവില്‍ ബാരിക്കേഡ് തകര്‍ത്ത് മുന്നേറിയ പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

ഇതോടെ അക്രമാസക്തരായ ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസിനെതിരെ കല്ലുകളും കുപ്പികളും എറിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട 18 നിയുക്ത എം.പിമാരും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, ബി.ജെ.പിയുടെ ബംഗാളിന്റെ ചുമതലയുളള കൈലാഷ് വിജയവര്‍ഗീയ തുടങ്ങിയവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.

കഴിഞ്ഞദിവസം സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി കൊണ്ടായിരുന്നു കേന്ദ്രത്തിന്റെ ഇടപെടല്‍. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

പശ്ചിമബംഗാളിലെ ബാസിര്‍ഹട്ട് ജില്ലയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്ക് എത്തിക്കാന്‍ ക്രമസമാധാന സ്ഥിതി കണക്കിലെടുത്ത് പൊലീസ് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പശ്ചിമബംഗാളില്‍ 12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളില്‍ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. എന്നാല്‍ ഒരാള്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും ബി.ജെ.പി രാഷ്ട്രീയമുതലെടുപ്പ് നടത്തുകയാണെന്ന് തൃണമൂലും ആരോപിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more