അധ്യാപക നിയമന കുംഭകോണം; 4000 പേരുടെ നിയമനം റദ്ദാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും: മമത ബാനര്‍ജി
national news
അധ്യാപക നിയമന കുംഭകോണം; 4000 പേരുടെ നിയമനം റദ്ദാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും: മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th March 2023, 2:12 pm

കൊല്‍ക്കത്ത: തൊഴില്‍ കുംഭകോണക്കേസിലെ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പിന്‍വാതില്‍ വഴി നിയമനം ലഭിച്ച നാലായിരത്തിലധികം അധ്യാപകരുടെ നിയമനം റദ്ദാക്കിയ കോടതി വിധിക്കെതിരെയാണ് തൃണമൂല്‍ നേതാവ് കൂടിയായ മമത നിയമയുദ്ധത്തിനൊരുങ്ങുന്നത്.

നിയമനത്തില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് അനീതിയാണെന്നും അവര്‍ പറഞ്ഞു. കോടതി വിധിയോടെ അനാഥമാകാന്‍ പോവുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ പരിഗണിക്കാന്‍ കോടതി തയ്യാറാവണമെന്നും മമത ബാനര്‍ജി പറഞ്ഞു.

അധ്യാപക നിയമനത്തില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെങ്കില്‍ പുനപരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പിരിച്ച് വിടല്‍ പുനപരിശോധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോര്‍ട്ട് ക്യാമ്പസില്‍ വെച്ച് നടത്തിയ ശ്രീ അരബിന്ദോയുടെ 150ാം ജന്മവാര്‍ഷികത്തിനിടെയാണ് മമത ഇക്കാര്യം പറഞ്ഞത്.

‘വിധിയില്‍ പുനപരിശോധനക്കായി കോടതിയെ സമീപിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. ജോലി നഷ്ടപ്പെട്ടതറിഞ്ഞ് ഇന്നലെ രണ്ട് അധ്യാപകര്‍ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരാള്‍ ചെയ്ത തെറ്റിന് പാവങ്ങള്‍ എന്തിന് ബലിയാടാകണം. ജോലി നഷ്ടപ്പെട്ടാല്‍ അവരുടെ കുടുംബങ്ങള്‍ എങ്ങനെ ജീവിക്കാനാണ്. വീണ്ടും പരീക്ഷ എഴുതാന്‍ അവര്‍ക്കൊരു അവസരം നല്‍കൂ. കോടതി വിധിയനുസരിച്ച് മറ്റ് മാര്‍ഗങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്.

ജോലികിട്ടിയ എല്ലാവരും തൃണമൂല്‍ പാര്‍ട്ടിക്കാരല്ല. ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന് ഏത് പാര്‍ട്ടിയെ വേണമെങ്കിലും സപ്പോര്‍ട്ട് ചെയ്യാം. പ്രതിപക്ഷ കക്ഷികള്‍ പ്രതികാര രാഷ്ട്രീയം കളിക്കാന്‍ നില്‍ക്കരുത്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പക്ഷെ ജോലികിട്ടിയവര്‍ എല്ലാവരും ക്രമക്കേട് നടത്തിയിട്ടില്ല,’ മമത പറഞ്ഞു.

കേസില്‍ ബംഗാളിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാര്‍ത്ഥ ചാറ്റര്‍ജിയെയും വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളെയും സി.ബി.ഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹൈസ്‌കൂള്‍ ടീച്ചര്‍ നിയമനങ്ങള്‍ക്കായി കോടികള്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം.
ഇത്തരത്തില്‍ സംസ്ഥാനത്തുടനീളം 8000ത്തോളം അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. ഇതില്‍ 4800 പേരുടെ നിയമനം റദ്ദാക്കിയാണ് ബംഗാള്‍ ഹൈക്കോടതി വിധിപുറപ്പെടുവിച്ചത്.

അതേസമയം കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പങ്കുണ്ടെന്ന് ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. അനധികൃത നിയമനത്തെക്കുറിച്ച് മമതക്ക് നേരത്തെ അറിയാമായിരുന്നെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഭയന്ന് ആരോപണങ്ങളെ മൂടി വെക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുഗന്ദ മജുംദാര്‍ ആരോപിച്ചു.

‘തൊലി പൊളിച്ച് നോക്കിയാല്‍ മനസിലാകും മമതയുടെ ഉള്ളിലെന്താണെന്ന്. ജോലിയില്‍ അനധികൃതമായി കയറിപ്പറ്റിയവര്‍ക്ക് വേണ്ടി സംസാരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അപ്പോള്‍ അര്‍ഹതയുണ്ടായിട്ടും രണ്ട് വര്‍ഷമായി ജോലിക്ക് വേണ്ടി സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിഷമം കാണാന്‍ അവര്‍ക്ക് കഴിയുന്നില്ല. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്,’ സുഗന്ദ പറഞ്ഞു.

Content Highlight: Bangal cheif minister Mamatha banarjee said she wil file an appeal in high court