ബാന്ദ്ര-വെര്‍സോവ കടല്‍ പാലത്തിന് സവര്‍ക്കറുടെ പേര്
national news
ബാന്ദ്ര-വെര്‍സോവ കടല്‍ പാലത്തിന് സവര്‍ക്കറുടെ പേര്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th June 2023, 3:23 pm

മുംബൈ: ബാന്ദ്ര-വെര്‍സോവ കടല്‍ പാലത്തിന് വീര്‍ സവര്‍ക്കര്‍ സേതു എന്ന് പേര് നല്‍കാന്‍ മഹാരാഷ്ട്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന് അടല്‍ ബിഹാരി വാജ്പയ് സ്മൃതി നവ സേവ അടല്‍ സേതു എന്ന് പേര് നല്‍കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.

‘ബാന്ദ്ര വെര്‍സോവ പാലത്തിന് വി.ഡി സവര്‍ക്കറുടെ പേര് നല്‍കും. ഇത് വീര്‍ സവര്‍ക്കര്‍ സേതു എന്നറിയപ്പെടും,’ മാധ്യമങ്ങളോട് സംസാരിക്കവെ ഷിന്‍ഡെ പറഞ്ഞു. മെയ് 28ന് സവര്‍ക്കര്‍ ജയന്തിയില്‍ ബാന്ദ്ര-വെര്‍സോവ കടല്‍ പാലത്തിന് വി.ഡി സവര്‍ക്കറുടെ പേര് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇവക്കാണിപ്പോള്‍ മന്ത്രി സഭാ അംഗീകാരം നല്‍കിയിരിക്കുന്നത്.

നേരത്തെ സവര്‍ക്കറുടെ 140-ാം ജന്മദിനത്തില്‍ പാര്‍ലമെന്റ് ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത് ഓരോ മറാത്തിക്കാര്‍ക്കും അഭിമാനകരമാണെന്ന് ഷിന്‍ഡെ പറഞ്ഞിരുന്നു. ‘പാര്‍ലമെന്റ് ഉദ്ഘാടനം ഈ ദിനത്തില്‍ തന്നെ നിര്‍വഹിച്ചത് ഓരോ മറാത്തിക്കാരനും അഭിമാനമാണ്. എന്നാല്‍ ചിലര്‍ ഉദ്ഘാടനം ബഹിഷ്‌കരിച്ചുകൊണ്ട് പരിപാടിയെ തകര്‍ക്കാന്‍ നോക്കി,’ എന്നായിരുന്നു അന്ന് അദ്ദേഹം  ട്വീറ്റ് ചെയ്തത്.

ബാന്ദ്ര- വെര്‍സോവ കടല്‍ പാലം 17.17 കിലോമീറ്റര്‍ നീളമുള്ളതാണ്. പദ്ധതി നടപ്പിലാകുന്നതിലൂടെ ഗതാഗരകുരുക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ 2023നോടു കൂടി പദ്ധതി പൂര്‍ത്തിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെലപ്‌മെന്റ് കോര്‍പറേഷന്‍ പദ്ധതി പൂര്‍ത്തിയാക്കുന്നത് ഡിസംബര്‍ 2026 വരെ നീട്ടുകയായിരുന്നു.

നേരത്തെ മാര്‍ച്ചില്‍ സുപ്രീംകോടതി പദ്ധതിയുടെ നടപടികള്‍ സ്റ്റേ ചെയ്തിരുന്നു. പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി ഹരിത ട്രൈബ്യൂണല്‍ ചോദ്യം ചെയ്തിരുന്നു.

Content Highlight: Bandra- versova see link bridege renamed as veer savarkkar sethu