പരിസ്ഥിതിലോല പ്രദേശത്തേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം കേരളത്തില്‍ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെക്കുന്നത് പതിവാണ്. അത്തരത്തില്‍ കേരളത്തില്‍ വലിയതോതില്‍ ചര്‍ച്ചയ്ക്കു വഴിവെച്ച സംഭവമായിരുന്നു 2009ല്‍ ബന്ദിപ്പൂര്‍ വന്യമൃഗ സംരക്ഷണ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയ പാതയില്‍ രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. രാത്രിയാത്രാനിരോധനം ബന്ദിപ്പൂര്‍ മേഖലയില്‍ എന്ത് മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്ന് പരിശോധിക്കുന്നത് ഭാവിയില്‍ പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ക്ക് മുമ്പുതന്നെ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ സഹായകരമാകും.
വാഹനങ്ങള്‍ ഇടിച്ച് വന്യമൃഗങ്ങള്‍ കൊല്ലപ്പെടുന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാത്രിയാത്രാ നിരോധനം കൊണ്ടുവന്നത്. രാത്രിയാത്രാ നിരോധനം ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ച ചില കണക്കുകളുണ്ട്. ‘2004ല്‍ ഈ പാതയില്‍ ആനയും കടുവയുമടക്കം 32 സസ്തനികള്‍ വാഹനങ്ങളാല്‍ കൊല്ലപ്പെട്ടു. 2005ല്‍ മ്ലാവും പുള്ളിമാനുമടക്കം ഏഴു സസ്തനികള്‍ കൊല്ലപ്പെട്ടു. 2007ല്‍ കരടിയും പുള്ളിപ്പുലിയും കാട്ടുപൂച്ചയുമടക്കം 41 സസ്തനികള്‍ക്കു പുറമേ മലമ്പാമ്പും അണലിയും നിരവധി കാട്ടുപാമ്പുകളും കൃഷ്ണപ്പരുന്ത്, ആനറാഞ്ചി, വെളുത്ത ഐബിസ് തുടങ്ങിയ പക്ഷികളും റോഡില്‍ കൊല്ലപ്പെട്ടു.
അമ്മയോടൊപ്പം നദിയിലേക്ക് വെള്ളം കുടിക്കാന്‍ പോകുകയായിരുന്നു മൂന്നുമാസം പ്രായമുള്ള ഒരാനക്കുട്ടിയെ ഗുണ്ടല്‍പേട്ടിലേക്ക് വരികയായിരുന്ന ഒരു ട്രക്ക് ഇടിച്ചു തെറിപ്പിച്ച് അമ്പതുമീറ്റര്‍ വലിച്ചിഴച്ച് കൊണ്ടുപോയതായിരുന്നു ഇക്കൂട്ടത്തില്‍ ഏറ്റവും ദയനീയമായ സംഭവം.’ ബന്ദിപ്പൂര്‍ മേഖലയിലുണ്ടായ ഇത്തരം ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ രാത്രി യാത്രാ നിരോധനം എന്ന ആവശ്യത്തിനുവേണ്ടി ശക്തമായി വാദിച്ചത്.
ജൈവവൈവിധ്യ നാശത്തെക്കുറിച്ചും ശബ്ദവും വെളിച്ചവും കൊണ്ട് സഹികെടുമ്പോള്‍ ജന്തുക്കള്‍ കാടിനു പുറത്തേക്ക് കടന്നുണ്ടാകുന്ന കഷ്ടനഷ്ടങ്ങളെക്കുറിച്ചും വ്യക്തമായ രേഖകളുടെ പിന്‍ബലത്തോടെ നല്‍കിയ തെളിവുകള്‍ കണക്കിലെടുത്തുമായിരുന്നു കോടതി ബന്ദിപ്പൂര്‍ മേഖലയില്‍ രാത്രിയാത്ര നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. സഞ്ജയ് ഗുബ്ബി, ബി.വി അനൂപ്, അനു ചെങ്കപ്പ തുടങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടിയ സുപ്രധാന പഠനങ്ങളുടെയും തെളിവുകളും പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദത്തിന് ബലം നല്‍കി.
നിരോധനം കൊണ്ടുവന്ന് ദിവസങ്ങള്‍ക്കകം വലിയ മാറ്റങ്ങളാണ് ഈ മേഖലയില്‍ കണ്ടെത്താനായതെന്നാണ് മമ്പാട് എം.ഇ.എസ് കോളജിലെ എം.എസ്.സി ജന്തുശാസ്ത്ര വിദ്യാര്‍ഥിയായിരിക്കെ അതിനെക്കുറിച്ച് വിവരശേഖരണം നടത്തിയ നിവിന്‍ മുരുകേഷ് പറയുന്നു. 2008 നവംബര്‍ മുതല്‍ എട്ടുമാസക്കാലം വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ ആറിനും എട്ടിനുമിടയില്‍ നിലമ്പൂരില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ഘാട്ട്‌റോഡിലാണ് നിവിന്‍ നിരീക്ഷണം നടത്തിയിരുന്നു. റോഡപകടത്തില്‍പ്പെട്ട് കൊല്ലപ്പെടുന്ന ജീവികളുടെ ഞെട്ടിക്കുന്ന കണക്കാണ് അദ്ദേഹം പുറത്തെത്തിച്ചത്. നട്ടെല്ലില്ലാത്ത 205 ജീവികളും 25 ഉഭയജീവികളും 151 ഉരഗങ്ങളും 126 സസ്തനികളും ഈ റോഡില്‍ കൊല്ലപ്പെട്ടതായി കണ്ടു. എന്നാല്‍ നിരോധനത്തിനുശേഷം വാഹനങ്ങള്‍ക്കടിയില്‍പ്പെട്ട് ജീവികള്‍ മരണപ്പെടുന്ന സംഭവം ഈ മേഖലയില്‍ പൂര്‍ണമായി ഇല്ലാതായെന്നാണ് നിവിന്‍ പറയുന്നത്.
‘അനാവശ്യമായ റോഡ് മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ട്. മലിനീകരണം ഒരു പരിധിവരെ രാത്രികാലങ്ങളില്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മൃഗങ്ങളുടെ മൂവ്മെന്റിനെ പോസിറ്റീവായി സ്വാധീനിച്ചിട്ടുണ്ട്. നേരത്തെ മാനിനെപ്പോലെ ‘ഇര’ വിഭാഗത്തില്‍പ്പെടുന്ന മൃഗങ്ങളെ റോഡരികില്‍ കൂടുതലായി കാണാമായിരുന്നു. അതിനു കാരണം അവിടെ എപ്പോഴും വണ്ടികള്‍ പോയി കൊണ്ടിരിക്കുന്നതിനാല്‍ ഇവയ്ക്ക് ശത്രുവിനെ ഭയക്കാതെ ഭക്ഷണം തേടാമെന്നതായിരുന്നു. ഇത് തുടരുകയാണെങ്കില്‍ മാനുകള്‍ വലിയ തോതില്‍ പെരുകുകയും അതിനെ ഇരയാക്കി ഭക്ഷിക്കുന്ന ജീവികള്‍ കുറയുന്നതിനും കാരണമാകുമായിരുന്നു. എന്നാല്‍ രാത്രി യാത്രാ നിരോധനത്തിലൂടെ ഇതുപോലെത്തെ പല പ്രശ്നങ്ങളെയും ഒരു പരിധിവരെ തടയാന്‍ പറ്റിയിട്ടുണ്ട്. ‘ ബന്ദിപ്പൂരില്‍ രാത്രിയാത്ര ഒഴിവാക്കിയ ഒമ്പതുവര്‍ഷം പ്രകൃതിയിലുണ്ടാക്കിയ മാറ്റം വിശദീകരിച്ച് നിവിന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
സമാനമായ കണ്ടെത്തലുകള്‍ തന്നെയാണ് വയനാട് വൈല്‍ഡ് ലൈഫ് സംരക്ഷണ സമിതിയുടേയും. രാത്രി യാത്രാനിരോധനത്തിനു മുമ്പുള്ള വൈല്‍ഡ് ലൈഫ് മൂവ്‌മെന്റ്‌സും അതിനുശേഷമുള്ള വൈല്‍ഡ് ലൈഫ് മൂവ്‌മെന്റുമെല്ലാം തൃശൂരിലെ ചില സംഘടനകള്‍ രേഖപ്പെടുത്തുകയും അത് നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും വയനാട് വൈല്‍ഡ് ലൈഫ് സംരക്ഷണ സമിതി അംഗമായ ബാദുഷ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
റോഡില്‍ വന്യജീവികള്‍ കൊല്ലപ്പെടുന്നത് പൂര്‍ണമായി ഒഴിവായെന്നാണ് അവര്‍ക്ക് മനസിലായത്. അതേസമയം രാത്രി യാത്രാ നിരോധനമില്ലാത്ത വയനാട് സാങ്ച്വറിയുടെ ഭാഗങ്ങളിലെല്ലാം ഇപ്പോഴും റോഡപകടങ്ങളില്‍ മൃഗങ്ങള്‍ മരണപ്പെടുന്നത് തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ ഒമ്പതുവര്‍ഷത്തിനിടയിലും രാത്രി യാത്രാനിരോധനം പിന്‍വലിക്കണമെന്ന ആവശ്യം നിലച്ചിട്ടില്ല. ഇപ്പോഴും ഇതിനുവേണ്ടിയുള്ള നിയമപോരാട്ടങ്ങള്‍ തുടരുന്നത്. തമിഴ്നാട് കര്‍ണാടക സര്‍ക്കാറുകള്‍ അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് നിരോധനത്തിന് എതിരായ നിലപാടെടുക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ഇപ്പോഴും രാത്രി യാത്ര അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി നിയമപോരാട്ടം തുടരുകയാണ്.
അതേസമയം, രാത്രി യാത്രാ നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തല്‍സ്ഥിതി തുടരട്ടെയെന്നതാണ് സുപ്രീം കോടതി ഏറ്റവുമൊടുവിലായി സ്വീകരിച്ച നിലപാട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും, ദേശീയ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും ഈ നിരോധനത്തെ അനുകൂലിക്കുകയാണ്. അതേസമയം ഹൈവേ കുറച്ചുകൂടി വീതി വര്‍ധിപ്പിക്കണമെന്നും ഇലവേറ്റഡ് സ്ട്രച്ചസ് നിര്‍മ്മിക്കാനും നിരോധനത്തില്‍ ഇളവുവേണമെന്നാണ് മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേയുടെ നിലപാട്.
2018 ജനുവരിയില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേ സെക്രട്ടറി വൈ.എസ് മാലിക് ചെയര്‍മാനായ കമ്മിറ്റി സ്ഥലം സന്ദര്‍ശിക്കുകയും റോഡില്‍ കടുവയേയും ആനക്കൂട്ടങ്ങളേയും കാണുകയും ചെയ്തിരുന്നെന്ന് ബാദുഷ പറയുന്നു. ഇവര്‍ക്ക് ശല്യമില്ലാതെ രാത്രി സമയത്ത് വിഹരിക്കാന്‍ കഴിയുന്നതായി കമ്മിറ്റി വിലയിരുത്തിരുന്നു.
എന്നാല്‍ ഇതിനുവേണ്ടി ലക്ഷക്കണക്കിന് മരങ്ങള്‍ വെട്ടി നശിപ്പിക്കേണ്ടിവരുമെന്നാണ് ബാദുഷ പറയുന്നത്. റോഡ് കൃത്യമായി രണ്ടായി വിഭജിച്ചു പോകും. അതിലും ഭേദം രാത്രി യാത്ര അനുവദിക്കുന്നതായിരിക്കും. അതുകൊണ്ട് അതിനെ കര്‍ണാടക സര്‍ക്കാര്‍ ചുരം സംരക്ഷണ സമിതിയും മിനിസ്ട്രി ഓഫ് എന്‍വയേണ്‍മെന്റ് ആന്റ് ഫോറസ്റ്റ്, ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി തുടങ്ങിയവര്‍ സുപ്രീം കോടതിയെ എതിര്‍പ്പ് അറിയിച്ചിരുന്നു. തുടര്‍ന്ന് കോടതി ഇടപെട്ട് കമ്മിറ്റി ഓഫ് സെക്രട്ടറി ഇത് പഠിക്കട്ടെയെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഒരു കമ്മിറ്റി രൂപീകരിച്ചത്. ആ യോഗത്തിലെ നിര്‍ദേശമാണ് ഇപ്പോള്‍ അന്തിമമായിട്ട് വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാത്രിയാത്രാ നിരോധനം പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. മതിയായ ബദല്‍ റോഡുണ്ട്. വന്യജീവികളും മനുഷ്യരും ഈ രാത്രിയാത്രാ നിരോധനം ഒമ്പതുവര്‍ഷമായി അംഗീകരിച്ചിട്ടുണ്ട്. രാത്രി സമയങ്ങളില്‍ അത്യാവശ്യമായിട്ടുള്ള വാഹനങ്ങള്‍ അനുവദിക്കുന്നുണ്ട്. ആംബുലന്‍സിനു പോകാം. അത്യാവശ്യമായ രോഗികള്‍ക്ക് പോകാം. നാല് ബസുകള്‍ അങ്ങോട്ടും ഇങ്ങോട്ടും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
രാത്രി യാത്ര അനുവദിക്കുന്നില്ലെങ്കില്‍ ഇടയ്ക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച മേല്‍പ്പാലമെന്ന നിര്‍ദേശമെങ്കിലും നടപ്പിലാക്കണമെന്നാണ് നിരോധനത്തെ എതിര്‍ക്കുന്നവര്‍ ആവശ്യപ്പെടുന്നത്. കോടതിയേയും കര്‍ണാടക സര്‍ക്കാറിനെയും കോടതിയേയും തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരമൊരു നിരോധനം കൊണ്ടുവന്നതെന്ന് നിരോധനത്തിനെതിരായ കേസിലെ കക്ഷിയും നില്‍ഗിരി വയനാട് എന്‍.എച്ച്. ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി കണ്‍വീനറുമായ അഡ്വ. റഷീദ് ഡൂള്‍ന്യൂസിനോടു പറഞ്ഞത്.
വന്യജീവികള്‍ കൊല്ലപ്പെടുന്നുവെന്ന ആരോപണത്തില്‍ യാതൊരു കണക്കുകളുമില്ല. 12 വര്‍ഷത്തെ കണക്ക് ഞങ്ങള്‍ എടുത്തിരുന്നു. അതില്‍ 14 മൃഗങ്ങള്‍ മാത്രമാണ് 12 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. അതുതന്നെ രാത്രിയിലെയും പകല്‍ സമയത്തെയും കണക്കുകള്‍ എടുത്തിട്ട്. ചില ലോബികളാണ് കോടതിയേയും കര്‍ണാടക സര്‍ക്കാറിനെയും കോടതിയേയും തെറ്റിദ്ധരിപ്പ് ഇത്തരമൊരു ഉത്തരവ് വാങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.
വയനാട് വൈല്‍ഡ് ലൈഫ് സാങ്ച്വറിയ്ക്കും വേണം സംരക്ഷണം:
ബന്ദിപ്പൂര്‍ മേഖലയിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയവരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം അത്തരത്തില്‍ ശ്രദ്ധയാവശ്യമുള്ള ഒരുപാട് ഇടങ്ങള്‍ കേരളത്തില്‍ ഇനിയുമുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
വയനാട് വൈല്‍ഡ് ലൈഫ് സാങ്ച്വറിയാണ് അത്തരത്തില്‍ ആശങ്കയോടെ കാണേണ്ട ഒരിടം. കേരളത്തിലെയും തമിഴ്നാട്ടിലേയും കര്‍ണാടകയിലേയും ആനകള്‍ അടങ്ങിയ ഏഴാമത്തെ ആന റിസര്‍വ് കൂടിയാണിത്. ബന്ദിപ്പൂരില്‍ രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ രാത്രി കാലങ്ങളില്‍ മൈസൂര്‍, ഹുന്‍സൂര്‍, ഗോണികുപ്പ, കുട്ട, മാനന്തവായി വഴിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. 13.16 കിലോമീറ്ററാണ് ഇത് തോല്‍പ്പട്ടി റെയ്ഞ്ചിലൂടെ കടന്നുപോകുന്നത്. 2013 ഏപ്രില്‍ മുതല്‍ നവംബര്‍ 2013 വരെ 2426 മൃഗങ്ങളാണ് റോഡപകടത്തില്‍ കൊല്ലപ്പെട്ടതെന്ന് ധനേഷ് ഭാസ്‌കര്‍ റിസര്‍ച്ച് ഗേറ്റില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 2213 ഉഭയജീവികളും 153 ഇഴ ജന്തുക്കളും 57 സസ്തനികളും പെടും. മൂന്ന് പക്ഷികളും ഇക്കൂട്ടത്തിലുണ്ട്. ഏറ്റവുമധികം കൊല്ലപ്പെട്ടത് പൊക്കാന്തവളയായിരുന്നു. 1000 പൊക്കാന്തവളകളാണ് കൊല്ലപ്പെട്ടത്.
രാത്രി ഇരതേടുന്ന മൃഗങ്ങളാണ് ഏറ്റവുമധികം കൊല്ലപ്പെടുന്നത്. ചെറുജീവികള്‍ക്ക് ഡ്രൈവര്‍മാര്‍ വലിയ പ്രാധാന്യമൊന്നും നല്‍കാത്തതാണ് ഇത്തരം കൊലകള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് അദ്ദേഹം പറയുന്നത്. ചില ജീവിവര്‍ഗങ്ങളുടെ വംശനാശത്തിനുവരെ ഇത് കാരണമാകുമെന്നാണ് ധനേഷ് ഭാസ്‌കര്‍ മുന്നറിയിപ്പു നല്‍കുന്നത്.
ഉരഗങ്ങളുടെയും ഉഭയജീവികളുടെയും വേഗത്തില്‍ പ്രതികരിക്കാനുള്ള കഴിവുകേടും ഡ്രൈവര്‍മാര്‍ക്ക് ഇവയോട് സ്വതവെ തോന്നുന്ന അവജ്ഞയുമാണ് ദുരന്തത്തോത് കൂട്ടുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. വനാന്തരീക്ഷം തണുത്തുറയുമ്പോള്‍ ചൂടിനായി റോഡില്‍ ചുറ്റിക്കിടക്കുന്ന ശീലം പാമ്പുകളുടെ മരണത്തോത് കൂട്ടുന്നു. തവളകളില്‍ ദത്താപ്രൈനസ് മെലനോസ്റ്റെക്സ്റ്റസ് എന്ന സാധാരണ ചൊറിയന്‍ തവളയാണ് ഏറ്റവുമേറെ കൊല്ലപ്പെടുന്നതെന്നാണ് പശ്ചിമഘട്ട റോഡുകളില്‍ നടന്ന എല്ലാ പഠനവും കാണിക്കുന്നത്. പാതവിളക്കിന്റെ കീഴില്‍ ഇരപിടിക്കുന്നതും വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിനു കീഴിലേക്ക് ചാടിച്ചെല്ലുന്നതും ഇവയെ ഉരുളിനടിയിലാക്കുന്നു.
മലക്കപ്പാറയിലെ ബുള്ളറ്റ് യാത്രകള്‍
ആതിരപ്പള്ളി, വാഴച്ചാല്‍ കയറി വാല്‍പ്പാറയിലേക്കുള്ള ബുള്ളറ്റ് യാത്രാ സൗകര്യം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. പ്രളയത്തിനു തൊട്ടുമുമ്പുവരെ ഇത് വലിയ തോതില്‍ അനുവദിക്കുകയും ചെയ്തിരുന്നു. ബുള്ളറ്റുകള്‍ വാടകയ്ക്കെടുത്ത് യാത്രികര്‍ക്ക് പോകാനുള്ള സൗകര്യവും ഈ മേഖലയില്‍ ലഭ്യമായിരുന്നു.
വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷന്റേയും മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്റേയും കീഴിലുള്ള ഈ പ്രദേശം വംശനാശ ഭീഷണി നേരിടുന്ന നിരവധിയിനം സസ്യജന്തുജാലങ്ങളുടെ വാസസ്ഥലമാണ്. അതിഭീകര ശബ്ദത്തില്‍ ഇതുവഴിയുള്ള ബുള്ളറ്റ് യാത്ര വന്യജീവികളുടെ മാനസികാവസ്ഥയെ ബാധിക്കുമെന്ന പരാതികള്‍ പലതവണ ഉയര്‍ന്നതാണ്. പ്രളയത്തെ തുടര്‍ന്നുള്ള മണ്ണിടിച്ചിലും മറ്റും കാരണം നിലവില്‍ ഈ വഴിയുള്ള ബുള്ളറ്റ് യാത്ര അനുവദിക്കുന്നില്ല. അത് താല്‍ക്കാലിക ആശ്വാസമാണ്. എന്നാല്‍ ബന്ദിപ്പൂരിലേതിനു സമാനമായ രീതിയില്‍ ഇത്തരം വാഹനങ്ങളുടെ നിരോധനം തന്നെയാണ് ഇവിടെയും വേണ്ടതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
കഞ്ചിക്കോട്- വാളയാര്‍ വനമേഖലയിലൂടെയുള്ള ബി ലൈന്‍ റെയില്‍വേ ട്രാക്കും മൃഗങ്ങളുടെ സൈ്വര്യ സഞ്ചാരത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകളില്‍ ഇടംനേടിയ ഒന്നാണ്. ഇവിടെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് ആന ചെരിഞ്ഞ സംഭവങ്ങളുമുണ്ട്. 18 വര്‍ഷത്തിനിടെ 25 ഓളം ആനകളാണ് കഞ്ചിക്കോട്- കോയമ്പത്തൂര്‍ ട്രാക്കില്‍ ചെരിഞ്ഞത്.
പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പഠിക്കാതെ പരിസ്ഥിതി ലോല പ്രദേശങ്ങളിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റങ്ങളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നത്. കേരളത്തിന്റെ ഭൂമിശാസ്ത്രം വളരെ വ്യത്യസ്തമാണ്. കര്‍ണാടകയേയും തമിഴ്‌നാടിനേയും പോലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ ഒരുപാടൊന്നുമില്ല. വളരെ ജനസംഖ്യ കൂടിയ സ്ഥലമാണ്. പരിസ്ഥിതിയെ പരിഗണിക്കുകയാണെങ്കില്‍ കേരളത്തില്‍ വലിയ തോതിലുള്ള വികസന പദ്ധതികള്‍ സാധ്യമല്ല. പാരിസ്ഥിതികമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ ദീര്‍ഘകാല ഗവേഷണങ്ങളിലൂടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ‘പതിനായിരക്കണക്കിന് ട്രക്കുകള്‍ വരുമ്പോഴുണ്ടാകുന്ന ഒരു ഇംപ്കാടുണ്ട്. ഒരു റെയില്‍വേ ലൈന്‍ വരികയാണെങ്കില്‍, ദൂരവ്യാപകമായി നോക്കുമ്പോള്‍ അത് കുറയും.’ നഞ്ചന്‍കോട് റെയില്‍പാതയുടെ കാര്യം ഉദാഹരണമായി നിരത്തി നിവിന്‍ പറയുന്നു.
WATCH THIS VIDEO: