കോഴിക്കോട്: ബന്ദിപ്പൂര്‍ ദേശീയപാതയിലൂടെയുള്ള യാത്രാ നിരോധന സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോഴിക്കോട്ടും സമരങ്ങള്‍ക്ക് തുടക്കമാവുന്നു. ബത്തേരിയില്‍ നടക്കുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി മേയറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സമരപന്തല്‍ സന്ദര്‍ശിക്കും.
സമരത്തിന്റെ ഭാഗമായി ഒക്ടോബര്‍ 20 ന് വൈകീട്ട് മാനാഞ്ചിറ മൈതാനത്ത് ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കണ്‍വെന്‍ഷനില്‍ ജന പ്രതിനിധകള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
കണ്‍വെന്‍ഷന്റെ കാര്യപരിപാടികള്‍ തീരുമാനിക്കുന്നതിനായി മേയര്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവര്‍ സഹഭാരവാഹികളായി പ്രവര്‍ത്തിക്കും.
യാത്രാ നിരോധനം ഏറ്റവും കൂടുതല്‍ ബാധിക്കുക കോഴിക്കോട്ടുനിന്നുള്ള യാത്രക്കാരെയാണെന്നും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി സമരത്തിനൊപ്പം എല്ലാവരും നില്‍ക്കണമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍.എച്ച് 766 പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റിയാണ് ബന്ദിപ്പൂര്‍ വഴിയുള്ള യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് നിരാഹാര സമരം ആരംഭിച്ചത്. സമരം ആരംഭിച്ചതു മുതല്‍ നിരവധിപേര്‍ സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.