രാജ്യത്ത് തോട്ടിപ്പണി ചെയ്യുന്നത് നിഷേധിച്ചുകൊണ്ടുള്ള നിയമം നിലവിലുണ്ട്. എന്നാല്‍ രാജ്യത്തുടനീളം ജീവന്‍ പണയം വെച്ചുകൊണ്ട് തോട്ടിപ്പണിയെടുക്കുന്നവരുടെ എണ്ണം കുറവല്ല.
2015ല്‍ ആരംഭിച്ച ജെന്‍ റോബോട്ടിക്‌സ് എന്ന സംഘം ബാന്‍ഡിക്കൂട്ട് എന്ന സെമി ഓട്ടോമാറ്റിക് റോബോട്ടിനെ നിര്‍മിച്ചത് ഈ പ്രശ്നത്തിന് ഒരു പരിഹാരമായിട്ടാണ്. തോട്ടിവേല ചെയ്യാന്‍ ഒരു റോബോട്ട് എന്നതായിരുന്നു ഇവരുടെ സങ്കല്‍പം.
മാന്‍ഹോളില്‍ ഇറങ്ങുന്ന ആളുകള്‍ക്ക് ഉണ്ടാകുന്ന അപായത്തിന് ഇതൊരു അറുതി വരുത്തും എന്ന് ജെന്‍ റോബോട്ടിക്‌സ് സ്ഥാപകര്‍ വിശ്വസിക്കുന്നു. വിമല്‍ ഗോവിന്ദ്, അരുണ്‍ ജോര്‍ജ്, റാഷിദ്.കെ, നിഖില്‍ എന്‍.പി എന്നിവരാണ്‌ജെന്‍ റോബോട്ടിക്‌സിലെ പ്രധാന അംഗങ്ങള്‍.
2015ല്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് വിദ്യാര്‍ത്ഥി സംരംഭമായാണ് ഇവര്‍ ഇത് ആരംഭിച്ചത്. സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായിരുന്നു ഈ യുവകൂട്ടായ്മയ്ക്ക് താല്‍പര്യം. അതിന്റെ ഭാഗമായി അംഗവൈകല്യമുള്ളവര്‍ക്ക് നടക്കാന്‍ സഹായിയായി എക്‌സോ സ്‌കെല്‍ട്ടന്‍ സ്യൂട്ട് എന്ന ഉപകരണം തയ്യാറാക്കി. ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിന് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റിസര്‍ച്ചിന്റെ അംഗീകാരം ഇവര്‍ക്ക് ലഭിച്ചു. കോളേജ് കഴിഞ്ഞ് ഒരു കമ്പനി രൂപീകരിക്കാനുള്ള മൂലധനം ഇല്ലാത്ത അവസ്ഥയില്‍ ഇവര്‍ വിവിധ ജോലികളില്‍ പ്രവേശിക്കുകയായിരുന്നു.
എന്റര്‍പ്രണേഴ്‌സ് ഡെവലപ്‌മെന്റ് സെല്‍ നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ നിന്നാണ് തോട്ടിപ്പണിയെ കുറിച്ചും അനുബന്ധ പ്രശ്‌നങ്ങളെ കുറിച്ചും ഇവര്‍ ബോധവാന്മാരാവുന്നത്.
“അവിടെയുള്ള സാറിന് നമ്മള്‍ മുന്‍പ് ചെയ്ത പ്രൊജക്ടിനെ കുറിച്ച് അറിയാമായിരുന്നു. തോട്ടിപ്പണിക്കാരുടെ പ്രശ്‌നത്തിനൊരു പരിഹാരം കണ്ടെത്താന്‍ പറ്റുമോ എന്ന് അദ്ദേഹം നമ്മളോട് ചോദിച്ചു.” ഇതോടെ നമ്മുടെ പഴയ ടീം വീണ്ടും ഒത്തുകൂടുകയായിരുന്നു -സഹസ്ഥാപകനായ അരുണ്‍ ജോര്‍ജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നമുക്കുള്ള സാമ്പത്തിക സഹായം ചെയ്തു തരാന്‍ തയ്യാറായി. ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാന്‍ നമുക്കാവും എന്ന വിശ്വാസത്തോടെ ജോലി ഉപേക്ഷിച്ച് റോബോട്ടിക്സിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു- അരുണ്‍ പറയുന്നു.
തോട്ടിപ്പണിയെടുക്കുന്നവരുമായി സംവദിച്ചപ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത് മറ്റൊരു ജോലിയും കിട്ടാത്തതുകൊണ്ടാണ് അവര്‍ ഇതില്‍ എത്തിപ്പെടുന്നതെന്നാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് തൊഴിലുറപ്പ് സമ്മാനിക്കുക എന്നത് നമ്മുടെ പദ്ധതിയുടെ ഭാഗമായിരുന്നു. അതിനായി നമ്മള്‍ അവര്‍ക്ക് ബാന്‍ഡിക്കൂട്ട് പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനം നല്‍കി. ഒരു ജോലി എന്നതിലുപരി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നൊരു ഉദ്ദേശ്യം കൂടി ഇതിനു പിന്നില്‍ ഉണ്ടായിരുന്നു.
സഫായി കരംചന്ദ് ആന്ദോളന്‍ എന്ന പേരില്‍ ദേശീയതലത്തില്‍ തോട്ടിപ്പണി ചെയ്യുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുണ്ട്. അവരുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും തോട്ടിപ്പണിയുമായി ബന്ധപ്പെട്ടിട്ടുള്ള അപകടങ്ങള്‍ കൂടി വരുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാവുന്നില്ല. സര്‍ക്കാരിന് ഈ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ ഒരു പരിഹാരം കാണാന്‍ ആവുന്നില്ല എന്നതാണ് ഇതിനു പിന്നിലെ പ്രധാന കാരണം.
മനുഷ്യന്‍ ഇറങ്ങി വൃത്തിയാക്കുക എന്നല്ലാതെ ഒരു പ്രതിവിധി നിലനില്‍ക്കാത്ത അവസ്ഥയിലേക്കാണ് നമ്മള്‍ ബാന്‍ഡികൂട്ടിനെ കൊണ്ടുവന്നത്. മനുഷ്യന് പകരം ബാന്‍ഡികൂട്ട് ഇറങ്ങുന്നു, വൃത്തിയാക്കുന്നു. മാന്‍ഹോളില്‍ മനുഷ്യന്‍ ചെയ്തിരുന്ന എല്ലാ പ്രവൃത്തിയും ഈ റോബോട്ടിന് ചെയ്യാന്‍ പറ്റും – അരുണ്‍ പറയുന്നു.
ഒരുപാട് അപകടങ്ങള്‍ തോട്ടിപ്പണിയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്നു. അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഇതുപോലെയുള്ള സംഭവങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്.
ദി എംപ്ലോയ്‌മെന്റ് ഓഫ് മാനുവല്‍ സ്‌കാവെഞ്ചേഴ്‌സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഓഫ് ഡ്രൈ ലാട്രിന്‍സ് (പ്രൊഹിബിഷന്‍) ആക്റ്റ്, 1993, മാനുവല്‍ സ്‌കാവെഞ്ചേഴ്‌സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ ആക്ട് 2013 എന്നീ നിയമങ്ങളിലൂടെ തോട്ടിവേല നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അത് ഒരുപാട് സ്ഥലങ്ങളില്‍ നടക്കുന്നു.
ഫെബ്രുവരിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി നടത്തിയ ചര്‍ച്ചയില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബാന്‍ഡിക്കൂട്ടിന്റെ സേവനം എത്തിക്കണം എന്നായിരുന്നു നമുക്ക് ലഭിച്ച സൂചന. കുടിവെള്ള ശുചീകരണ മന്ത്രി ഉമാ ഭാരതിയെ കണ്ട് ഇവര്‍ പ്രവര്‍ത്തനത്തെ കുറിച്ച് പറയുകയും വീഡിയോ കാണിക്കുകയും ചെയ്തിരുന്നു. വളരെ താല്പര്യത്തോടെയാണ് അവര്‍ ബാന്‍ഡിക്കൂട്ടിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചത്.
തോട്ടിപ്പണിക്കാരുടെ പുനരധിവാസത്തിനു വേണ്ടിയാണു സഫായി കരംചന്ദ് ആന്ദോളന്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ബാന്‍ഡിക്കൂട്ട് പ്രവര്‍ത്തിപ്പിക്കാനും പരിശീലിപ്പിക്കാനും വേണ്ടി അവരുമായി നമ്മള്‍ കൈകോര്‍ത്തു. ഒരു ജോലി എന്നതിലുപരി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നൊരു ഉദ്ദേശ്യം കൂടി ഇതിനു പിന്നില്‍ ഉണ്ടായിരുന്നു.
തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും സര്‍ക്കാര്‍ നമ്മളെ സമീപിച്ചിരുന്നു. കൂടാതെ ദുബായ്, ഖത്തര്‍ എന്നീ രാജ്യങ്ങളിലും ഇതുപോലെയുള്ള അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. അവിടുത്തെ മുന്‍സിപ്പാലിറ്റിയും നമ്മളുമായി ബന്ധപ്പെട്ടിരുന്നു. അരുണ്‍ കൂട്ടിച്ചേര്‍ത്തു
“തോട്ടിപ്പണി എന്നതിലുപരി മാലിന്യം കൈ കൊണ്ട് നീക്കം ചെയ്യുന്ന അവസ്ഥയില്‍ പൂര്‍ണമായ ഒരു മാറ്റം കൊണ്ടുവരാനാണ് ഞങ്ങളുടെ ആഗ്രഹം”-അരുണ്‍ പറയുന്നു.