കുപ്രസിദ്ധ ഹൈടെക് മോഷ്ടാവ് ബണ്ടി ചോര്‍ പിടിയിലായി
India
കുപ്രസിദ്ധ ഹൈടെക് മോഷ്ടാവ് ബണ്ടി ചോര്‍ പിടിയിലായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd January 2013, 11:13 pm

ബാംഗളൂര്‍: കുപ്രസിദ്ധ ഹൈടെക് മോഷ്ടാവ് ബണ്ടി ചോര്‍ അറസ്റ്റിലായി. കര്‍ണാടക പോലീസാണ് ബണ്ടിചോര്‍ എന്ന ദേവീന്ദര്‍ സിംഗിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മുട്ടടയില്‍ വിദേശ മലയാളി വേണുഗോപാലന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയ ശേഷം ബാംഗളൂരുവിലേക്ക് രക്ഷപെട്ട അന്താരാഷ്ട്ര കുറ്റവാളിയാണ് ബണ്ടി ചോര്‍. []

ബണ്ടി ചോറിനെ അറസ്റ്റ് ചെയ്ത കാര്യം കര്‍ണാടക പോലീസ് കേരള പോലീസിനെ അറിയിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ കേരളാ പോലീസ് സംഘം ബാംഗളൂരിലേക്ക് തിരിച്ചിട്ടുണ്ട്. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി കെ.ഇ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കര്‍ണ്ണാടകത്തിലേക്ക് തിരിച്ചത്.

മുട്ടടയില്‍ വിദേശ മലയാളി വേണുഗോപാലന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയത് ബണ്ടി ചോറാണെന്ന് തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസമാണ്.  നന്തന്‍കോടുനിന്നു മോഷ്ടിച്ച കാറിലെത്തിയ ബണ്ടി ചോര്‍ വേണുഗോപാലന്‍ നായരുടെ ലക്ഷങ്ങള്‍ വിലയുള്ള കെ.എല്‍. 01 ബി.ജി 29ാം നമ്പര്‍ മിത്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ കാറുമായാണ് തിരുവനന്തപുരത്തു നിന്നും കടന്നു കളഞ്ഞത്.

പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് പിടി കൊടുക്കാതെ രക്ഷപ്പെടുന്നതിനായി ബണ്ടി ചോര്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ടാറ്റാ സുമോയില്‍ ബാംഗളൂരിലേക്കു രക്ഷപെടുന്നതിനിടെയാണ് പോലീസ് പിടിയിലായത്. ബാംഗളൂരില്‍ നിന്നു 90 കിലോമീറ്റര്‍ അകലെ കര്‍ണ്ണാടക തമിഴ്‌നാട് അതിര്‍ത്തിയായ കൃഷ്ണഗിരിക്കടുത്ത് വാഹന പരിശോധനക്കിടെ ബണ്ടി ചോറിനെ പോലീസ് തിരിച്ചറിയുകയും പിടി കൂടാന്‍ ശ്രമിക്കുകയും ചെയ്തു.

തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ച ബണ്ടി ചോര്‍ രണ്ടു പോലീസുകാരെ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. കാര്‍ ഡ്രൈവറെയും കുത്തി പരിക്കേല്‍പ്പിച്ച് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിനെ കീഴ്‌പ്പെടുത്തുന്നത്. അന്താരാഷ്ട്ര കുറ്റവാളിയായ ബണ്ടി ചോര്‍ പിടികിട്ടാപ്പുള്ളിയും നിരവധി മോഷണ കേസില്‍ പ്രതിയുമാണ്. കര്‍ണാടകയിലും നിരവധി കേസുകള്‍ ബണ്ടി ചോറിന്റെ പേരില്‍ നിലവിലുണ്ട്.