തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് ബണ്ടിചോര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇയാള്‍ ജയിലിലെ സി.എഫ്.എല്‍ ബള്‍ബ് പൊട്ടിച്ച് വിഴുങ്ങിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ആത്മഹത്യാ ശ്രമത്തെത്തുടര്‍ന്ന് ബണ്ടിചോറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
രാജ്യാന്തര കുറ്റവാളിയായ ദേവീന്ദര്‍ സിങ്ങാണ് ബണ്ടിചോറെന്ന പേരില്‍ കുപ്രസിദ്ധനായത്. ബള്‍ബിന്റെ ഭാഗങ്ങള്‍ ഉള്ളില്‍ പോയതിനാല്‍ നിരീക്ഷണത്തിനായി സര്‍ജറി വിഭാഗത്തിന് കീഴില്‍ സെല്‍വാര്‍ഡില്‍ അഡ്മിറ്റാക്കിയിരിക്കുകയാണ് ഇയാളെ.
2013 ജനുവരി 21 നു വേണുഗോപാലന് നായരുടെ പട്ടം മരപ്പാലത്തെ വീട്ടില്‍ നടത്തിയ മോഷണത്തെത്തുടര്‍ന്നാണ് ഇദ്ദേഹം പിടിയിലായത്. തുടര്‍ന്ന് കോടതി പത്തു വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിക്കുകയായിരുന്നു. നേരത്തെ കേസില്‍ വിചാരണ നടക്കുന്നതിനിടെ മാനസിക വിഭ്രാന്തി കാട്ടിയ ഇദ്ദേഹത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മാനസിക രോഗമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരികെ ജയിലിലെത്തിക്കുകയായിരുന്നു.