തിരുവന്തപുരം: കുപ്രസിദ്ധ ഹൈടെക് മോഷ്ടാവ് ബണ്ടിചോറിനെ അടുത്തമാസം 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ രാവിലെ പൂനെയില്‍ നിന്ന് കേരളത്തിലെത്തിച്ച ബണ്ടിയെ വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റിന്റെ ചേമ്പറിലാണ് ഹാജരാക്കിയത്.[]
ഇന്നലെ തന്നെ നന്ദാവനം എ.ആര്‍ ക്യാമ്പില്‍ വെച്ച് പോലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ബണ്ടി മജിസ്ട്രറ്റിന്റെ മുന്നില്‍ മൊഴി നല്‍കി. ചോദ്യം ചെയ്യലിനിടെ ഇയാളുടെ വയര്‍ വീര്‍ത്തതിനെതുടര്‍ന്ന് അന്വേഷണ സംഘം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കി.
തനിക്ക് ആറ് മാസമായി കൊളസ്ട്രോളിന്റെ അളവ് കൂടുതലാണെന്നും ഇതിന് മരുന്ന കഴിക്കുന്നുണ്ടെന്നും ഇയാള്‍ ഡോക്ടറോട് പറഞ്ഞു. കൂടാതെ കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടെന്നും ഇതിന് മരുന്ന് ആവശ്യം ഉണ്ടെന്നും ഇയാള്‍ ആശുപത്രിയില്‍ പറഞ്ഞു. എന്നാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനല്ലാതെ ഇയാള്‍ക്ക് മറ്റ് മരുന്നുകളുടെ ആവശ്യമില്ലെന്നു ഡോക്ടര്‍ പോലീസിനെ അറിയിച്ചു.
ദല്‍ഹിയില്‍ പോലീസ് സഹായി ആയി കുറേ ജോലി ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഇയാള്‍ മൊഴി നല്‍കിയിരുന്നു. ക്രിമിനലുകളെ പിടി കൂടുന്നതിന് മുന്‍ ഐ.പി.സ് ഓഫീസരായ കിരണ്‍ബേദിയെ ഞാന്‍ സഹായിച്ചിട്ടുണ്ട്. ഇതില്‍ മാനസിക സംതൃപ്തി തോന്നാത്തതിനാലാണ് ആ പണി ഉപേക്ഷിച്ചത്.
പോലീസ് കസ്റ്റഡിയില്‍ പൊതുവേ ബണ്ടി സന്തോഷത്തിലാണെങ്കിലും പ്രാദേശിക ഭക്ഷണം കൊടുക്കുന്നതില്‍ ഇയാള്‍ അസ്വസ്തത കാട്ടുന്നുണ്ടെന്നാണ് സൂചന. എന്നാലും എ.ആര്‍ ക്യാമ്പില്‍ നിന്നുകൊടുത്ത് ഭക്ഷണം ഇയാള്‍ കഴിച്ചിട്ടുണ്ട്. കുപ്പിവെള്ളം ഇയാള്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
പൂനെയില്‍ നിന്ന പോലീസ ബണ്ടിയെ പിടികൂടുമ്പോള്‍ 72000 രൂപ കയ്യില്‍ നിന്ന് കണ്ടെടുത്തിരുന്നു. എന്നാല്‍ ഇത് കുറവ് പണം മാത്രമാണെന്നും ഡല്‍ഹിയില്‍ നിന്ന് പിടികൂടുമ്പോള്‍ 4.5 കോടി തന്റെ പക്കലുണ്ടായിരുന്നെന്ന് ബണ്ടി പെലീസിനോട് പറഞ്ഞു.
മരപ്പാലത്തെ പ്രവാസി മലയാളിയുടെ വീട്ടില്‍ കവര്‍ച്ച നടത്തുകയെന്നതായിരുന്നു തന്റെ ലക്ഷ്യം. ഇതിനായി നേരത്തെ വീട് നിരീക്ഷിച്ചിരുന്നു കാര്‍ തട്ടിയെടുത്തത് യാദൃശ്ചികമായിട്ടായിരുന്നു. ബാംഗ്ലൂരില്‍ നിന്നും തട്ടിയെടുത്ത കാറിന് വേഗത പേരാത്തതിനാലാണ് പ്രവാസി മലയാളിയുടെ കാര്‍ തട്ടിയെടുത്തതെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.
മാനസിക സമ്മര്‍ദ്ദം തനിക്ക് അസഹനീയമാണെന്നും ജയിലില്‍ സമ്മര്‍ദ്ദംകൂടുമ്പോഴാണ് താന്‍ ജയില്‍ ചാടിയിട്ടുള്ളതെന്നും ഇയാള്‍ പറഞ്ഞു. പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനിലെ സെല്ലില്‍ പാര്‍പ്പിച്ചിട്ടുള്ള ബണ്ടിക്ക് “തണ്ടര്‍ ബോള്‍ട്ട്” കാറ്റഗറിയിലുള്ള സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സെല്ലിന്റെ മുന്നിലും പ്രധാന പ്രവേശന കവാടത്തിലും സായുധ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ സ്‌റ്റേഷന്റെ പിന്നിലും സായുധ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ഇതാദ്യമായാണ് പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ ഒരു ക്രിമിനലിനായി ഇത്രയും കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നത്.എന്നാല്‍ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ ഇന്ന് സമര്‍പ്പിക്കും.