[]തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിനെ പേരൂര്‍ക്കട മാനസികരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
ബണ്ടി ചോര്‍ തന്നെയാണ് തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് കോടതിയെ ധരിപ്പിച്ചത്. അതേസമയം തടവ് ചാടാനുള്ള നീക്കമാണിതെന്ന് ജയിലധികൃതര്‍ക്ക് ആശങ്കയുണ്ട്.
ബണ്ടി ചോര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു രക്ഷപെടാന്‍ പദ്ധതിയിട്ടതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സുരക്ഷ പൊലീസ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
സഹതടവുകാരനുമായി ചേര്‍ന്ന് ജയില്‍ ചാടുന്നതിനെക്കുറിച്ച് ബണ്ടി ചോര്‍ പദ്ധതി തയാറാക്കുകയായിരുന്നു. ഇരുവരുടെയും നീക്കങ്ങള്‍ ഹിന്ദി അറിയാവുന്ന ഒരു ജയില്‍ ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പദ്ധതി വ്യക്തമായത്.
തുടര്‍ന്ന് ബണ്ടി ചോറിനെ കനത്ത സുരക്ഷയില്‍ ഏകാന്തതടവിലേക്കു മാറ്റാന്‍ ജയില്‍ ഡി.ജി.പി നിര്‍ദേശം നല്‍കുകയായിരുന്നു.
ജനുവരിയിലാണ് തിരുവനന്തപുരം പട്ടത്തുനിന്ന് ആഡംബര കാര്‍ മോഷ്ടിച്ചതിന് ബണ്ടി പൊലീസ് പിടിയിലാകുന്നത്. അതീവ സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണ ക്യാമറകളുമുള്ള വീട്ടില്‍ നിന്ന് വിദഗ്ധമായാണ് മോഷണം നടത്തിയത്.
തുടര്‍ന്ന് കര്‍ണാടകയിലേക്കു കടന്ന ബണ്ടിയെ പിന്നീട് പൂനെയിലെ സായ് എക്‌സിക്യൂട്ടിവ് ഹോട്ടലില്‍നിന്ന് മലയാളിയായ ഹോട്ടല്‍ മാനെജരുടെ സഹായത്തോടെ മഹരാഷ്ട്ര പൊലീസ് പിടികൂടി കേരളത്തിന് കൈമാറുകയായിരുന്നു.