ബണ്ടി ചോറിനെ തെളിവെടുപ്പിനായി തിരുവനന്തപുരത്ത് കൊണ്ടുവരും
Kerala
ബണ്ടി ചോറിനെ തെളിവെടുപ്പിനായി തിരുവനന്തപുരത്ത് കൊണ്ടുവരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th February 2013, 8:58 am

തിരുവനന്തപുരം: തിരുവനന്തപുരം  മുട്ടടയില്‍ ഹൈടെക് രീതിയില്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ ഇന്ന് തിരുവനന്തപുരത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. ഹോട്ടലിലും ലോഡ്ജിലുമാണ് ആദ്യം കൊണ്ടുപോയി തെളിവെടുക്കുക.[]

ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ഇ. ബൈജു കൊച്ചിയിലായിരുന്നതിനാല്‍ ഇന്നലെ തെളിവെടുപ്പു നടത്താന്‍ കഴിഞ്ഞില്ല.

തിരുനെല്‍വേലിയിലും കൃഷ്ണഗിരിയിലും തെളിവെടുപ്പു നടത്തിയ ശേഷം കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അന്വേഷണസംഘം ഇയാളെ തിരിച്ചു കൊണ്ടുവന്നത്.

അതിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്നു മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു ബണ്ടി ചോറിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ആ ഹര്‍ജി കോടതി തള്ളി.

ചെട്ടിക്കുളങ്ങരയില്‍ ബണ്ടി ചോര്‍ താമസിച്ച ലോഡ്ജിലും അതിന് മുന്‍പ് മെഡിക്കല്‍ കോളജില്‍ താമസിച്ചിരുന്ന സ്ഥലത്തും ഇന്ന് കൊണ്ടുപോയി തെളിവെടുക്കും. അടുത്ത ദിവസം പെരുമ്പാവൂരിലും കൊണ്ടുപോകുമെന്നു പൊലീസ് അറിയിച്ചു.

ബണ്ടി ചോര്‍ ഇപ്പോള്‍ കേരള പൊലീസിന്റെ കസ്റ്റഡിയിലാണെന്ന കാര്യം പുണെ, ബാംഗ്ലൂര്‍ പൊലീസിനെയും അറിയിച്ചിട്ടുണ്ട്. ഈ മാസം എട്ടാം തിയ്യതി വരെയാണ് ബണ്ടി ചോറിന്റെ കസ്റ്റഡി കാലാവധി.

അതിനിടെ ഇയാളെ ചോദ്യം ചെയ്യാനായി കോയമ്പത്തൂര്‍ പൊലീസ് ഇന്നെത്തും. നേരത്തെ തൃശൂരില്‍ നിന്ന് ഒരു കാര്‍ മോഷ്ടിച്ച് കോയമ്പത്തൂരില്‍ പോയി മാല മോഷ്ടിച്ച സംഭവത്തില്‍ അവിടത്തെ കേസില്‍ ഇയാള്‍ പ്രതിയാണ്.