പൂനെ: ഹൈടെക് മോഷ്ടാവ് ബണ്ടി ചോര്‍ കേരളത്തിലെത്തി. കഴിഞ്ഞ ദിവസം പൂനെയില്‍ അറസ്റ്റിലായ ബണ്ടി ചോറിനെ കേരള പോലീസ് സംഘമാണ് തിരുവനന്തപുരത്ത് എത്തിച്ചത്.[]
എയര്‍ഇന്ത്യയുടെ എ.ഐ 667 വിമാനത്തിലാണ് മുംബൈയില്‍ നിന്നും ബണ്ടി ചോറിനെ തിരുവനന്തപുരത്ത് എത്തിച്ചത്. വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയരുന്നത്.
ബണ്ടിചോറിന് തിരുവന്തപുരത്തെ പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. തുടര്‍ന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും.
ഇന്നലെയാണ് പൂനെ പൊലീസ് ബണ്ടിയെ കേരള പൊലീസിന് കൈമാറിയത്.
പുനെ മംഗള്‍വാര്‍ പേട്ടിലെ സായി എക്‌സിക്യൂട്ടീവ് ഹോട്ടലില്‍ വെച്ചാണ് ബണ്ടി ചോറിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ ഇവിടെയുണ്ടെന്ന വിവരം അറിഞ്ഞയുടനെ സമര്‍ഥ് പോലീസ്‌സ്‌റ്റേഷനിലെ വനിതാ ഇന്‍സ്‌പെക്ടര്‍ പി.എസ്. മണ്ഡലെ എത്തിയാണ് പിടികൂടിയത്.
തിരുവനന്തപുരം മരപ്പാലത്തെ വീട്ടില്‍ നിന്ന് ജനവരി 21ന് രാത്രി ആഡംബരക്കാറും മറ്റും വിദഗ്ധമായി കവര്‍ന്ന് മുങ്ങിയ ബണ്ടി ചോര്‍ ആദ്യം തമിഴ്‌നാട്ടിലേക്കാണ് കടന്നത്. കാര്‍ കൃഷ്ണഗിരിയില്‍ ഉപേക്ഷിച്ച് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. പിന്നീട് ബല്‍ഗാം വഴി കോലാപ്പൂരിലെത്തി അവിടെ നിന്ന് വോള്‍വോ ബസ്സിലാണ് വെള്ളിയാഴ്ച രാത്രി പൂനെയിലെത്തിയത്.
തിരുവനന്തപുരത്ത് മോഷണം നടത്തിയത് താനാണെന്ന് കഴിഞ്ഞ ദിവസം ബണ്ടി ചോര്‍ സമ്മതിച്ചിരുന്നു. കേരളാ പോലീസിന്റെ ചോദ്യംചെയ്യലിനിടെയാണ് കുറ്റസമ്മതം. ബണ്ടി ചോര്‍ മോഷ്ടിച്ച ലാപ്‌ടോപും മൊബൈല്‍ ഫോണും ഇന്നലെ തിരുവനന്തപുരത്തെ മുട്ടടയില്‍ നിന്നും കണ്ടെടുത്തിരുന്നു.
ജനുവരി 21ന് തിരുവനന്തപുരത്തെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ്, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, നിരീക്ഷണ ക്യാമറകള്‍ എന്നിവയുടെ സഹായത്തോടെ വന്‍ സുരക്ഷാ കവചം തീര്‍ത്തിരുന്ന വീട്ടില്‍ നിന്നും ഹൈടെക് രീതിയിലാണ് ഇയാള്‍ മോഷണം നടത്തിയത്.
ദല്‍ഹി സ്വദേശിയായ ബണ്ടിച്ചോര്‍ രാജ്യത്തെമ്പാടുമായി അഞ്ഞൂറിലേറെ മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പലതവണ പോലീസ് പിടിയിലായിട്ടുണ്ടെങ്കിലും രക്ഷപ്പെടുകയായിരുന്നു.
കേരളത്തില്‍ വിനോദസഞ്ചാരത്തിന് പോയെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോള്‍ തിരുവനന്തപുരത്തെ കവര്‍ച്ചാവിവരം സമ്മതിക്കുകയായിരുന്നു.