അമൃത്സര്‍: വംശഹത്യ അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ട മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ ഇന്ന് ബന്ദ്. ദളിത്, ക്രിസ്ത്യന്‍ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
മണിപ്പൂര്‍ ഇന്‍സാഫ് മോര്‍ച്ച എന്ന സംഘടനയാണ് പ്രധാനമായും സമരത്തിന് നേതൃത്വം നല്‍കുന്നത്. ദോബ ജില്ലകളിലെ പ്രബല വിഭാഗമായ രവിദാസ, വാല്‍മീകി സമുദായങ്ങളും ജുല്ലുന്ദര്‍ രൂപതയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ 9:00 മുതല്‍ വൈകുന്നേരം 5:00 വരെയാണ് ബന്ദ്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ദല്‍ഹി-അമൃത്സര്‍ ദേശീയ പാത, ലന്ധര്‍-ഹോഷിയാര്‍പൂര്‍ റോഡ്, കപൂര്‍ത്തല ചൗക്ക്, മക്സുദാന്‍ ബൈപാസ്, രവിദാസ് ചൗക്ക് എന്നിവടങ്ങളില്‍ ബുധനാഴ്ച സമരക്കാരുടെ പ്രതിഷേധമുണ്ടായതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമൃത്സര്‍ നഗരത്തില്‍ അടച്ചിടല്‍ പൂര്‍ണമാണ്.
മറ്റ് മേഖലകളില്‍ സമരത്തോടെ സമ്മിശ്ര പ്രതികരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിങ്, ആരോഗ്യം, സര്‍ക്കാര്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് സേവനങ്ങള്‍ സാധാരണമാണ്.
വംശീയ അതിക്രമങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും എതിരായി രാജ്യ വ്യാപക പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതിന്റെ ആദ്യ പടിയാണ് ഈ സമരമെന്ന് കഴിഞ്ഞ ദിവസം സംയുക്തസമര സമിതി നേതാക്കള്‍ പറഞ്ഞിരുന്നു.
Content Highlight: Bandh today in Punjab demanding the ouster of Manipur Chief Minister Biren Singh who failed to end the genocide