ബാംഗ്ലൂര്‍: കാവേരി നദിയില്‍നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി.
വൈകിട്ട് ആറു വരെയാണ് ബന്ദ്. രാഷ്ട്രീയ നേതാക്കളും വ്യാപാരികളും സിനിമാ- സാംസ്‌കാരിക നായകരും സന്യാസിമാരും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രകടനങ്ങളും പ്രതിഷേധങ്ങളുമായി വന്‍ പ്രക്ഷോഭങ്ങള്‍ക്കാണ് ബാംഗ്ലൂര്‍ നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. അപ്രഖ്യാപിത ബന്ദിന്റെ പ്രതീതിയുണര്‍ത്തി കടകളും മറ്റു സ്ഥാപനങ്ങളും ഇന്നലെ തന്നെ അടച്ചു.[]
പ്രകടനങ്ങളില്‍ ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ നീണ്ടു. മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെയും കര്‍ണാടക രക്ഷണ വേദിഗൈ അടക്കമുള്ള സംഘടനകളുടെയും നേതൃത്വത്തില്‍ ധര്‍ണയും പ്രകടനങ്ങളും നടന്നു.
മണ്ഡ്യ, ചാമരാജ് നഗര്‍, മൈസൂര്‍ ജില്ലകളില്‍ കനത്ത പ്രതിഷേധം തുടരുകയാണ്. മണ്ഡ്യയില്‍ കാവേരി ഹിതരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള റിലേ നിരാഹാരം രണ്ടാം ദിവസത്തിലേക്ക് കടന്നു. മൈസൂര്‍-ബാംഗ്ലൂര്‍ ദേശീയ പാതയില്‍ ഇന്നലെയും ഗതാഗതം തടസ്സപ്പെട്ടു. യശ്വന്ത്പൂര്‍- മൈസൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ മണ്ഡ്യയില്‍ പ്രക്ഷോഭകര്‍ തടഞ്ഞു.
പാല്‍, പത്രം തുടങ്ങിയ അവശ്യസര്‍വീസുകളെ പോലും ഇന്നത്തെ ബന്ദ് ബാധിച്ചേക്കും. കടകള്‍ക്കു പുറമേ, പമ്പുകളും തിയ്യേറ്ററുകളും തുറക്കില്ല. വിനോദ ചാനലുകള്‍ സംപ്രേഷണം ചെയ്യില്ലെന്ന് കേബിള്‍ ഓപ്പറേറ്റര്‍മാരും അറിയിച്ചിട്ടുണ്ട്.
മെഡിക്കല്‍ ഫാര്‍മസിസ്റ്റ്‌സ് സംഘടനകളും ഇന്നത്തെ ബന്ദില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അവശ്യമരുന്നുകളുടെ ലഭ്യതയെ ഇതു ബാധിച്ചേക്കും. ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരും ബന്ദില്‍ പങ്കെടുക്കുന്നുണ്ട്. അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കും.
ബന്ദിനെ തുടര്‍ന്ന് കേരള, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കേരളത്തില്‍നിന്ന് വെള്ളിയാഴ്ച രാത്രി ബാംഗ്ലൂരിലേക്ക്
പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ശനിയാഴ്ച രാവിലെ ആറിന് മുമ്പ് എത്തുന്ന രീതിയില്‍ ക്രമീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയതായി ബാംഗ്ലൂര്‍ സ്‌റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറിയിച്ചു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 29 മുതലാണ് സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ണാടക തമിഴ്‌നാടിന് കാവേരി ജലം വിട്ടുകൊടുക്കാന്‍ തുടങ്ങിയത്.
അതിനിടെ, തമിഴ്‌നാടിന് വെളളം വിട്ടുകൊടുക്കുന്ന അണക്കെട്ടുകളിലെ ജലനിരപ്പ് പരിശോധിക്കാനെത്തിയ കേന്ദ്രസംഘം 11ന് കേന്ദ്ര ജലമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നറിയിച്ചു. അതിനാല്‍ എട്ടിന് നിശ്ചയിച്ചിരുന്ന കാവേരി മോണിറ്ററിങ് കമ്മിറ്റിയുടെ യോഗവും അന്നത്തേക്ക് മാറ്റി.