വയനാട്: ബാണാസുര സാഗര്‍ ഡാം തുറന്നു. കബനി, മാനന്തവാടി, പനമരം പുഴയോരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നുമണിക്കാണ് ഷട്ടറുകള്‍ തുറന്നത്. നാല് ഷട്ടറുകളാണ് ഡാമിനുള്ളതെങ്കിലും ഒരു ഷട്ടറാണ് ഇപ്പോള്‍ തുറന്നത്. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ഷട്ടര്‍ തുറക്കുന്നത്.
തീരത്തുള്ള ആയിരത്തോളം ജനങ്ങളെ ഒഴിപ്പിച്ചുകഴിഞ്ഞു. കരമാന്‍ കനാലിന്റെ ഇരു കരകളിലുമുള്ളവരെ മാറ്റിത്താമസിപ്പിച്ച ശേഷമാണ് ഷട്ടര്‍ ഉയര്‍ത്തിയത്. നിരവധി സുരക്ഷാസംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ദുരിതബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീടുകളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകുന്നതിന് തയ്യാറാകുന്നില്ലെന്ന് അറിയുന്നുണ്ട്.
വീടുപേക്ഷിച്ച് പോകുന്നതില്‍ പ്രയാസമുണ്ടാകും. എന്നാല്‍ നഷ്ടപ്പെടുന്നതൊക്കെ പിന്നീട് തിരിച്ചുപിടിക്കാം. അതിന് ജീവന്‍ നിലനിര്‍ത്തുകയാണ് ആദ്യം വേണ്ടത്. രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം പാലിക്കണം.’
ചിലയിടങ്ങളില്‍ മൈക്ക് വെച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ വീടുകളില്‍ നിന്ന് മാറുന്നില്ലെന്ന് മന്ത്രി ഇ.പി ജയരാജനും പറഞ്ഞു. വീടിനോടുള്ള വൈകാരിക ബന്ധം കാരണം പലരും മാറാന്‍ മടിക്കുകയാണ്, ഈ സ്ഥിതി മാറണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 42 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ജില്ലയില്‍ മാത്രം 11 പേര്‍ മരിച്ചു. 29997 കുടുംബങ്ങളില്‍ നിന്നായി 108138 പേര്‍ ദുരിതാശ്വാസക്യാംപില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം ജില്ല വാണിയമ്പലം മുണ്ടേരി ഭാഗത്ത് 200 കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. എന്നാല്‍ നിലവില്‍ അവര്‍ക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല. പുഴയിലെ ഒഴുക്ക് ശക്തിപ്പെടുന്നത് കൊണ്ട് രക്ഷാപ്രവര്‍ത്തനത്തിന് പ്രയാസം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.