| Saturday, 10th August 2019, 10:13 am

മൂന്നുമണിക്ക് ബാണാസുര സാഗര്‍ തുറക്കും; വരുന്നത് ഒരു സെക്കന്റില്‍ 8500 ലിറ്റര്‍; കബനിയില്‍ നിന്നു വരുന്നത് പ്രളയകാലത്തക്കാള്‍ അധികജലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: ബാണാസുര സാഗര്‍ അണക്കെട്ട് ഇന്ന് വൈകിട്ട് മൂന്നുമണിക്കു തുറക്കും. ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം എന്ന നിലയിലാണു തുറക്കുക. ജില്ലാ കളക്ടറാണ് ഫേസ്ബുക്ക് വഴി ഇക്കാര്യം അറിയിച്ചത്.

കര്‍ണാടകത്തിലെ കബനി അണക്കെട്ടില്‍ നിന്ന് പരമാവധി വെള്ളം തുറന്നുവിടുന്നുണ്ടെന്നും കഴിഞ്ഞ പ്രളയകാലത്ത് തുറന്നുവിട്ടതിനേക്കാള്‍ അധികജലം ഇത്തവണ അവിടെനിന്നും തുറന്നുവിടുന്നുണ്ടെന്നും പോസറ്റില്‍ പറയുന്നു.

അണക്കെട്ട് തുറക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടകത്തില്‍ നിന്നു വലിയ തോതില്‍ വെള്ളം വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വയനാട്ടില്‍ രണ്ട് തരത്തിലുള്ള അപകടങ്ങള്‍ക്കാണ് സാധ്യത. ബാണാസുര സാഗര്‍ തുറന്നപ്പോള്‍ വലിയ തോതിലുള്ള പരിഭ്രാന്തി കഴിഞ്ഞ തവണയുണ്ടായിരുന്നു. അതിനേക്കാള്‍ കൂടുതല്‍ വെള്ളം കയറിയേക്കും. മറ്റൊന്ന് ഉരുള്‍പ്പൊട്ടലിന് സാധ്യതയുണ്ട്. ഈ രണ്ട് ദുരന്തങ്ങള്‍ക്കും സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ തത്ക്കാലം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം.

നിലവില്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കേണ്ടത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ്. രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശം മാനിക്കാന്‍ തയ്യാറാകണം. വയനാട് ജില്ലയില്‍ മാറിത്താമസിക്കുന്നതിനുള്ള ക്യാംപുകള്‍ നാളെ രാവിലെ മുതല്‍ ഒരുക്കും. ഈ കേന്ദ്രങ്ങളില്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. രോഗികളുള്‍പ്പെടെ പ്രത്യേക പരിഗണന വേണ്ടവര്‍ക്കെല്ലാം പ്രത്യേക സൗകര്യങ്ങള്‍ ഒരുങ്ങും.

പൊലീസുള്‍പ്പെടെ എല്ലാവരും ഈ മാറ്റിപ്പാര്‍പ്പിക്കലില്‍ പങ്കാളികളാകും. വയനാടിന്റെ ചുമതലയുള്ള മന്ത്രിമാരെല്ലാം അവിടത്തെ ജനപ്രതിനിധികളോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ജില്ലാ ഭരണകൂടം ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് (10.8.2019) വൈകുന്നേരം 3 മണിക്ക് തുറക്കും. 8.5 ക്യുമെക്‌സ്, അതായത് ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം, എന്ന നിലയിലായിരിക്കും തുറക്കുന്നത്. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിര്‍ഗ്ഗമന പാതയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

കര്‍ണ്ണാടകയിലെ കബിനി അണക്കെട്ടില്‍ നിന്ന് നിലവില്‍ പരമാവധി വെള്ളം തുറന്ന് വിടുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് തുറന്ന് വിട്ടതിനേക്കാള്‍ അധികം ജലം ഈ വര്‍ഷം കബിനി അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുന്നുണ്ട്. മൈസൂരു ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുമുണ്ട്.

We use cookies to give you the best possible experience. Learn more