കല്‍പ്പറ്റ: യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതെന്ന് ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു. നടപടിക്രമങ്ങള്‍ പാലിച്ചല്ല ഡാം തുറന്നതെന്ന് കലക്ടര്‍ വ്യക്തമാക്കി. വിഷയത്തില്‍ കലക്ടര്‍ ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം തേടി.
മുന്നറിയിപ്പ് നല്‍കാതെയാണ് ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതെന്ന് പടിഞ്ഞാറത്തറ വില്ലേജ് ഓഫീസര്‍ പി.പി പ്രസാദ് ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് വയനാടിനെ വെള്ളക്കെട്ടിലാക്കിയ ദുരന്തത്തിന്റെ കാരണം വൈദ്യുതി ബോര്‍ഡാണെന്ന് കാണിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
Read: രാഹുല്‍ ആലിംഗനം ചെയ്തപ്പോള്‍ എന്തായിരുന്നു മനസില്‍ തോന്നിയത്? മോദി പറയുന്നു
കൂടാതെ നാട്ടുകാരും പ്രതിഷേധങ്ങളുമായി കലക്ടറെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുന്നറിയിപ്പില്ലാതെയാണ് ഡാം തുറന്നതെന്ന് മനസ്സിലായത്. ഓറഞ്ച് അലര്‍ട്ടോ റെഡ് അലര്‍ട്ടോ ഒന്നുമില്ലാത പാതിരാത്രിയില്‍ ഡാം തുറന്നുവിടുകയാണ് ഉണ്ടായത്.
അണക്കെട്ട് തുറക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യക്കുരുതിക്ക് തന്നെ കാരണമാകുന്ന നടപടിയായിപ്പോയി ഇതെന്നായിരുന്നു എം.എല്‍.എ പ്രതികരിച്ചത്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിച്ചില്ല. നേരത്തെ ഡാം അടച്ചതും കളക്ടറെ അറിയിച്ചിരുന്നില്ല.
മുഴുവന്‍ സാങ്കേതികമായ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് കെ.എസ്.ഇ.ബി ഡാം തുറന്നത്. 16000ത്തില്‍ കൂടുതല്‍ ആളുകളാണ് ക്യാമ്പുകളിലുള്ളത്. ഈ ഡാം തുറന്നതിനെ തുടര്‍ന്നാണ് ജില്ലയിലെ പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍ വന്‍ ദുരന്തമുണ്ടായത്.
രണ്ട് താലൂക്കുകളില്‍ മാത്രം 59 ക്യാമ്പുകളാണ് തുറന്നത്. കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് മൂലം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനാവാതെ കുടുങ്ങിയത് നിരവധി ആളുകളാണ്. തങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിന് കെ.എസ്.ഇ.ബി നഷ്ടപരിഹാരം നല്‍കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.