ബാണാസുര, പെരിങ്ങല്‍കുത്ത്, പീച്ചി ഡാമുകള്‍ തുറന്നു, സമീപവാസികള്‍ ജാഗ്രത പാലിക്കുക
Kerala News
ബാണാസുര, പെരിങ്ങല്‍കുത്ത്, പീച്ചി ഡാമുകള്‍ തുറന്നു, സമീപവാസികള്‍ ജാഗ്രത പാലിക്കുക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2024, 3:17 pm

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ ബാണാസുരസാഗര്‍, തൃശ്ശൂരിലെ പെരിങ്ങല്‍കുത്ത്, പീച്ചി ഡാമുകള്‍ തുറന്നു. സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം ബാണാസുര ഡാമിലെ ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ വൃഷ്ടിപ്രദേശത്ത് മഴ കനക്കുന്നതിനാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകള്‍ ഉയര്‍ത്തേണ്ടതായി വൈദ്യുതി വകുപ്പ് പുറത്തുവിട്ട സര്‍ക്കുലറില്‍ അറിയിച്ചു.

തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ വൃഷ്ടിപ്രദേശത്തും മഴ കനക്കുന്നതിനാല്‍ ഡാമിന്റെ ആറ് ഷട്ടറുകള്‍ 14 അടി വീതവും, ഒരു ഷട്ടര്‍ അഞ്ച് അടിയും തുറന്നിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറക്കുന്നതിനാല്‍ 200 ക്യൂമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതാണ്. ഇതുമൂലം പുഴയില്‍ ഒന്നരമീറ്റര്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍, അതിരപ്പള്ളി, പരിയാരം, മേലൂര്‍, കാടുക്കുറ്റി, അന്നമനട, കൂടൂര്‍, ഏറിയാട്, പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.

തൃശ്ശൂര്‍ പീച്ചി ഡാമിന്റെ ഷട്ടറുകളും കനത്ത മഴ കാരണം തുറന്നതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഇതിനോടകം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള യാത്രകളും, മലയോരമേഖലകളിലേക്കുള്ള രാത്രികാല യാത്രകളും ഒഴിവാക്കണമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു.

Content Highlight: Banasura, Peringalkuthth, Peechi Dam opened due to heavy rain