| Saturday, 5th October 2024, 8:44 pm

ബി.ജെ.പി നേതാക്കള്‍ പ്രതികളായ കൂട്ടബലാത്സംഗത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്ത് ബനാറസ് സര്‍വകലാശാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതികളായ ബി.ജെ.പി ഐ.ടി സെല്‍ നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ച 13 വിദ്യാര്‍തഥികളെ യൂണിവേഴിസിറ്റി അധികൃതര്‍ സസ്‌പെന്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടേതാണ് നടപടി.

അച്ചടക്കമില്ലായ്മ, അക്കാദമിക് അന്തരീക്ഷം തടസപ്പെടുത്തല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല നടപടിയെടുത്തിരിക്കുന്നത്. ഏകദേശം 15 മുതല്‍ 30 വരെ ദിവസം നീണ്ടു നില്‍ക്കുന്നതാണ് സസ്‌പെന്‍ഷന്‍ കാലാവധി.

സംഭവത്തില്‍ ക്യാമ്പസിലെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നതെന്ന് സര്‍വകലാശാല അസിസ്റ്റന്റ് പ്രസ് റിലേഷന്‍സ് ഓഫീസര്‍ ചന്ദ്രശേഖര്‍ പ്രതികരിച്ചു. സസ്‌പെന്‍ഷന്‍ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ അനുമതിയില്ല.

2023ല്‍ നവംബറിലാണ് സര്‍വകലാശാലയിലെ ഐ.ഐ.ടി വിദ്യാര്‍ത്ഥിയായ 20കാരിക്കെതിരെ ലൈംഗികാതിക്രമണമുണ്ടാവുന്നത്. പെണ്‍കുട്ടിയും സുഹൃത്തും ക്യാമ്പസിനുള്ളിലെ കര്‍മന്‍ ബാബ ക്ഷേത്രത്തിന് സമീപമെത്തിയപ്പോള്‍ മോട്ടോര്‍ സൈക്കിളിലെത്തിയ പ്രതികളായ കുനാല്‍ പാണ്ഡെ, അഭിഷേക് ചൗഹാന്‍, സാക്ഷം പട്ടേല്‍ എന്നിവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രതികള്‍ പെണ്‍കുട്ടിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി ചിത്രങ്ങളും പകര്‍ത്തിയിരുന്നു.

ആക്രമണത്തിന് പിന്നാലെ കോളേജിന് പുറത്തു നിന്നുള്ളവര്‍ക്ക് ക്യാമ്പസിനുള്ളില്‍ പ്രവേശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു.

‘ഞങ്ങളുടെ സര്‍വകലാശാലയുടെ ഗേറ്റില്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ എ.ബി.വി.പി അംഗങ്ങള്‍ പ്രതിഷേധക്കാരെ ആക്രമിച്ചതോടെ സ്ഥിതി വഷളാവുകയായിരുന്നു,’ വിദ്യാര്‍ത്ഥികളിലൊരാളായ അനുപം കുമാര്‍ പറഞ്ഞു. തുടര്‍ന്ന് സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സ്റ്റാന്‍ഡിങ്് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ബലാത്സംഗപരാതിയില്‍ ഡിസംബര്‍ 31ന് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ പ്രതികളുടെ മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതോടെയാണ് കുനാല്‍, സാക്ഷം എന്നിവര്‍ ബി.ജെ.പി ഐ.ടി സെല്‍ ജീവനക്കാരാണെന്ന് മനസിലായത്.

Content Highlight: Banaras University suspends students who protested against abuse by BJP IT cell members

We use cookies to give you the best possible experience. Learn more