ലഖ്‌നൗ: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഹോളി ആഘോഷങ്ങള്‍ക്ക് കോളേജ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയ നടപടി പ്രതിഷേധത്തെതുടര്‍ന്ന് പിന്‍വലിച്ചു. ഫെബ്രുവരി 28നാണ് കാമ്പസിനകത്ത് ഹോളി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതിനെതിരെ എ.ബി.വി.പി.യടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ കാമ്പസിന് പുറത്ത് നിന്നുള്ള ആളുകള്‍ കയറി വന്ന് പ്രശ്‌നങ്ങളുണ്ടാക്കുന്നത് തടയാനാണ് ചെറിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചതെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഹിന്ദു സംസ്‌കാരത്തെയും ആഘോഷങ്ങളെയും അപമാനിക്കുന്ന നടപടിയാണ് ഡയറക്ടറുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് എ.ബി.വി.പി. ആരോപിച്ചത്.
കൂടാതെ എ.ബി.വി.പി അംഗങ്ങള്‍ വിലക്ക് മറികടന്ന് കാമ്പസിനകത്ത് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ നിന്നും പിന്മാറാന്‍ അധികൃതര്‍ തീരുമാനിക്കുന്നത്.
വൈസ് ചാന്‍സലര്‍ ഹിന്ദു വിരോധിയാണെന്നും ഹിന്ദു സംസ്‌കാരത്തെ അപമാനിക്കുന്ന നടപടിയാണ് സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
‘ഹോളി ആഘോഷം ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമാണ്. പ്രൊഫസര്‍ അഭിമന്യു സിങ് നമ്മുടെ സംസ്‌കാരത്തെയാണ് അപമാനിച്ചിരിക്കുന്നത്. സര്‍വകലാശാല വൈസ് ചാന്‍സലറായി സുധീര്‍ ജെയ്ന്‍ അധികാരത്തിലെത്തിയതിന് ശേഷം ഹിന്ദു സംസ്‌കാരത്തെ അപമാനിക്കുന്ന നടപടികള്‍ വ്യാപകമായിരിക്കുകയാണ്,’ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളിലൊരാള്‍ പറഞ്ഞു.
വിവാദങ്ങള്‍ വ്യാപകമായതോടെയാണ് നിര്‍ദേശം പിന്‍വലിച്ച് കൊണ്ട് സര്‍വകലാശാല രംഗത്തെത്തിയത്. ക്യാമ്പസിന് പുറത്ത് പൊതു സ്ഥലങ്ങളില്‍ വെച്ച് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
‘ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ കോളേജിന് പുറത്ത് നിന്നുള്ളവര്‍ കാമ്പസിനകത്ത് കയറി വന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്. പൊതു സ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അടുത്തുള്ള ആശുപത്രിയിലും അമ്പലത്തിലും റോഡിലും ആഘോഷത്തിന്റെ പേര് പറഞ്ഞ് പ്രശ്‌നമുണ്ടാക്കുന്നതിനാണ് നിയന്ത്രണമുള്ളത്. കാമ്പസിനകത്ത് ആഘോഷങ്ങള്‍ക്ക് വിലക്കൊന്നുമില്ല,’ അദ്ദേഹം പറഞ്ഞു.
ഇതിന് മുമ്പും സര്‍വകലാശാലയില്‍ ചാന്‍സലര്‍ക്കും അധികാരികള്‍ക്കുമെതിരെ എ.ബി.വി.പി.യടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ലേഡീസ് ഹോസ്റ്റലില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ ചാന്‍സലര്‍ സുധീര്‍ ജെയ്ന്‍ പങ്കെടുത്തതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചാന്‍സിലര്‍ ഹിന്ദു വിരുദ്ധരെ കൂട്ട് പിടിക്കുകയാണെന്നും ക്യാമ്പസിനകത്ത് പുതിയ രീതികള്‍ പരീക്ഷിക്കുയാണെന്നും എ.ബി.വി.പി കുറ്റപ്പെടുത്തിയിരുന്നു.
Content Highlight: Banaras Hindu University students protest against holly ban