വാഴ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നര ലക്ഷം രൂപ കെ.എസ്.ഇ.ബി നഷ്ടപരിഹാരം നല്‍കും
Kerala News
വാഴ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നര ലക്ഷം രൂപ കെ.എസ്.ഇ.ബി നഷ്ടപരിഹാരം നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th August 2023, 5:24 pm

ഇടുക്കി: കോതമംഗലത്ത് കര്‍ഷകന്റെ വാഴ കെ.എസ്.ഇ.ബി വെട്ടി നശിപ്പിച്ച സംഭവത്തില്‍ കര്‍ഷകന്‍ അനീഷിന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കെ.എസ്.ഇ.ബിയാണ് നഷ്ടപരിഹാര തുക നല്‍കുക.വൈദ്യുതി, കൃഷി മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായത്.

കര്‍ഷകന്റെ അനുവാദമില്ലാതെ വാഴകള്‍ വെട്ടിനശിപ്പിച്ചത് ഏറെ വിവാദമായിരുന്നു. 400ല്‍ അധികം വാഴകളായിരുന്നു കെ.എസ്.ഇ.ബി വെട്ടി നശിപ്പിച്ചിരുന്നത്. നാല് ലക്ഷത്തോളം നാശനഷ്ടമായിരുന്നു കര്‍ഷകന് ഉണ്ടായത്. നിയമസഭയില്‍ അടക്കം പ്രതിപക്ഷം ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ കൃഷി മന്ത്രി കര്‍ഷകന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

കൃഷി മന്ത്രി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായത്. തുടര്‍ നടപടികള്‍ കെ.എസ്.ഇ.ബി ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. എത്രയും വേഗം നഷ്ടപരിഹാരം കൈമാറാനുള്ള നടപടിയുണ്ടാകുമെന്നും കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു കോതമംഗലം 220 കെ.വി ലൈനിന് കീഴില്‍ കൃഷി ചെയ്ത വാഴകള്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയത്. ഹൈ ടെന്‍ഷന്‍ ലൈന്‍ കടന്ന് പോകുന്നതിനാണ് കൃഷി നശിപ്പിച്ചതെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വിശദീകരണം. എന്നാല്‍ ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് കെ.എസ്.ഇ.ബിയുടെ നടപടിയെന്നാണ് കര്‍ഷകന്‍ പറഞ്ഞത്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കര്‍ഷകന്‍ പറഞ്ഞിരുന്നു.

Content Highlihts: Banana Tree cutting incident; The farmer will be given a compensation of Rs.3.5 lakh