മത്സരത്തിനിടെ താരത്തിന് നേരെ പഴമേറ്, വംശീയാധിക്ഷേപത്തിനെതിരെ പ്രതിഷേധവുമായി ബ്രസീലിയന്‍ താരങ്ങള്‍
DSport
മത്സരത്തിനിടെ താരത്തിന് നേരെ പഴമേറ്, വംശീയാധിക്ഷേപത്തിനെതിരെ പ്രതിഷേധവുമായി ബ്രസീലിയന്‍ താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th September 2022, 6:28 pm

പാരീസില്‍ നടന്ന സൗഹൃദ മത്സരത്തിനിടെ ബ്രസീല്‍ താരം റിച്ചാര്‍ലിസന് നേരെ ഗാലറിയില്‍ നിന്ന് പഴമേറ്. ടുണീഷ്യക്കെതിരെ നടന്ന മത്സരത്തിനിടെയാണ് വാഴപ്പഴമെറിഞ്ഞ് താരത്തെ അധിക്ഷേപിച്ചത്.

മത്സരത്തില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. സഹതാരങ്ങളോടൊപ്പം കോര്‍ണര്‍ ഫ്ളാഗിന്റെ സമീപം ഗോള്‍ ആഘോഷിക്കുന്നതിനിടെയാണ് കാണികള്‍ ഗാലറിയില്‍ നിന്ന് പഴം വലിച്ചെറിഞ്ഞത്. തുടര്‍ന്ന് ബ്രസീലിയന്‍ മിഡ് ഫീല്‍ഡര്‍ വാഴപ്പഴം തട്ടിയകറ്റുന്നതായി ദൃശ്യങ്ങളില്‍ കാണാം.

അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ടീം, മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായി വംശീയ വിരുദ്ധ ബാനറുമായി ഫോട്ടോസിന് പോസ് ചെയ്തിരുന്നു.

‘ഞങ്ങളുടെ കറുത്ത താരങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങളുടെ ജേഴ്‌സിയില്‍ നക്ഷത്രങ്ങള്‍ ഉണ്ടാകുമായിരുന്നില്ല,” എന്ന ബാനറുമായാണ് ബ്രസീലിയന്‍ ടീം കളത്തിലിറങ്ങിയത്.

സംഭവത്തില്‍ നിരവധി ഫുട്‌ബോള്‍ ആരാധകരാണ് പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്. ഇത് നാണക്കേടാണെന്നും ഇത്തരത്തിലുള്ള കാഴ്ച കാണേണ്ടി വരുന്നത് പരിതാപകരവുമാണെന്നാണ് ബ്രസീലിയന്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വ പ്രതികരിച്ചത്.

നിര്‍ഭാഗ്യവശാല്‍ ആളുകളുടെ മാനസിക നില മാറ്റാന്‍ പറ്റില്ലെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഈ കാലത്ത് വിലപ്പോവില്ലെന്ന് ആളുകള്‍ മനസിലാക്കുമെന്ന് കരുതുണ്ടെ

ഇത്തരത്തിലുളള പ്രവൃത്തി തങ്ങളെ ഞെട്ടിക്കുകയാണെന്നും ഇത്തവണ താനതിന് ദൃക്‌സാക്ഷിയായെന്നുമാണ് സി.ബി.എഫ പ്രസിഡന്റ് എഡ്‌നാള്‍ഡോ റോഡ്രിഗസ് പറഞ്ഞത്. നിറം, ജാതി, മതം എന്നിവക്കപ്പുറം നമ്മള്‍ ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കണമെന്നും വംശീയാധിക്ഷേപങ്ങള്‍ക്കെതിരെയുളള പോരാട്ടം ചെറിയ കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിലുളള കുറ്റക്യത്യങ്ങള്‍ ഈ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കുവാനുളള പോരാട്ടം തുടരുകയാണെന്നും ഇതിനെതിരെയുളള ശിക്ഷകള്‍ ശക്തമാക്കണമെന്നും റോഡ്രിഗസ് ചൂണ്ടിക്കാട്ടി.

ആളുകളുടെ അതിക്രമത്തിനെതിരെ നടപടിയെടുക്കണെമെന്ന് റിച്ചാര്‍ലിസന്‍ അധികാരികളോട് ആവശ്യപ്പെട്ടു. ക്യത്യമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ എല്ലാ ദിവസവും എല്ലായിടത്തും വംശീയാധിക്ഷേപങ്ങള്‍ തുടരുമെന്നും അതിനെതിരെ നടപടിയെടുക്കണമെന്നും റിച്ചാര്‍ലിസന്‍ ട്വിറ്ററില്‍ കുറിച്ചു.

 

Content highlights: Banana thrown at Richarlison as striker racially abused during match