സ്റ്റോക്ക്ഹോം: സ്വീഡനിലെ ക്യാബിനറ്റ് മന്ത്രിയായ പൗളീന ബ്രാന്‍ഡ്ബര്‍ഗിന്റെ വാഴപ്പഴത്തെക്കുറിച്ചുള്ള ഫോബിയയാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ചര്‍ച്ച. മഞ്ഞ നിറത്തിലുള്ള പഴങ്ങളോടുള്ള പേടി, പ്രത്യേകിച്ച് വാഴപ്പഴത്തോടുള്ള പേടി കാരണം സ്റ്റാഫുകളോട് തന്റെ വസതിയില്‍ വാഴപ്പഴങ്ങള്‍ സൂക്ഷിക്കരുതെന്ന് പറഞ്ഞ് ഇമെയില്‍ സന്ദേശം അയച്ചിരിക്കുകയാണ് പൗളീന.
സ്വീഡനിലെ ലിംഗസമത്വം, തൊഴില്‍ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന പൗളീന ഇതിനും മുമ്പും വാഴപ്പഴത്തെക്കുറിച്ചുള്ള തന്റെ ഭയത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. അന്ന് ലോകത്തിലെ ഏറ്റവും വിചിത്രമായ ഭയം എന്നാണവര്‍ തന്റെ ഫോബിയയെ വിശേഷിപ്പിച്ചത്.
എക്സ്പ്രഷന്‍ എന്ന സ്വീഡിഷ് പത്രമാണ് മന്ത്രിയുടെ ബനാന ഫോബിയയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. സഹപ്രവര്‍ത്തകനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുമ്പോടിയായി റൂമില്‍ നിന്ന് വാഴപ്പഴങ്ങളും മറ്റ് മഞ്ഞ നിറത്തിലുള്ള എല്ലാ പഴങ്ങളും എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്വീഡിഷ് സ്പീക്കറുടെ ഓഫീസിലേക്കടക്കം മന്ത്രി സന്ദേശം അയക്കുകയായിരുന്നു. ഈ മെയില്‍ ലീക്ക് ആയതോടെയാണ് മന്ത്രിയുടെ വിചിത്രമായ പേടിയെക്കുറിച്ച് പുറംലോകം അറിയുന്നത്.
ഇതിന് പുറമെ ഓഫീസ് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പൗളീന പങ്കെടുക്കുന്ന ചടങ്ങില്‍ ഒന്നും തന്നെ വാഴപ്പഴം ഉണ്ടാകരുതെന്ന നിര്‍ദേശിക്കുന്നുണ്ട്. അതേസമയം പൗളീനയുടെ ഈ അലര്‍ജിയില്‍ പ്രധാനമന്ത്രിയടക്കം നിരവധി പേര്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.
പൗളീനയുടെ ഈ പ്രശ്നം അവരുടെ ജോലിയെ ബാധിച്ചിട്ടില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്സണ്‍ വ്യത്യസ്ത ഫോബിയകളുള്ള ആളുകളോട് തനിക്ക് എല്ലായ്‌പ്പോഴും ബഹുമാനം മാത്രമാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഠിനാധ്വാനിയായ ഒരു കാബിനറ്റ് മന്ത്രിക്കുണ്ടായ ഒരു ഫോബിയയെ ആളുകള്‍ കളിയാക്കുന്നതില്‍ താന്‍ അസ്വസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് പുറമെ പ്രതിപക്ഷ അംഗങ്ങളും സഹമന്ത്രിമാരും പൗളീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്താണ് ബനാനഫോബിയ
വാഴപ്പഴത്തോടുള്ള ഭയം അഥവാ ബനാനഫോബിയ, ഒരു വ്യക്തിയെ ശാരീരികമായും വൈകാരികമായും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. ആളുകളുടെ പെരുമാറ്റത്തെപ്പോലും ബാധിക്കുന്ന ഈ രോഗം അപൂര്‍വമായാണ് കണ്ടുവരുന്നത്.