| Monday, 21st October 2024, 12:36 pm

സ്‌റ്റെയ്‌നിന് പോലുമില്ലാത്ത റെക്കോഡില്‍ സ്‌റ്റെയ്‌നിന്റെ കുത്തക ലിസ്റ്റിലേക്ക്; റബാദ സ്‌റ്റോമില്‍ കാലിടറി കടുവകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ചരിത്രം കുറിച്ച് പ്രോട്ടിയാസ് സൂപ്പര്‍ പേസര്‍ കഗിസോ റബാദ. ഷേര്‍ ഇ ബംഗ്ലയില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയതോടെയാണ് റബാദ ചരിത്രത്തിലേക്ക് നടന്നുകയറിയത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ 300 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ബൗളര്‍മാരുടെ പട്ടികയിലാണ് റബാദ ഇതോടെ ഇടം നേടിയത്. ബംഗ്ലാ ഇന്നിങ്‌സിലെ 14ാം ഓവറിലെ അഞ്ചാം പന്തില്‍ സൂപ്പര്‍ താരം മുഷ്ഫിഖര്‍ റഹീമിനെ പുറത്താക്കിയതോടെയാണ് റബാദ ഈ നേട്ടത്തിലേക്ക് കാലെടുത്ത് വെച്ചത്. റഹീമിന് പുറമെ ലിട്ടണ്‍ ദാസിനെയും താരം പുറത്താക്കിയിരുന്നു.

സൗത്ത് ആഫ്രിക്കക്കായി 300 ടെസ്റ്റ് വിക്കറ്റ് നേടുന്ന ആറാമത് താരമാണ് റബാദ.

ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍

(താരം – മത്സരം – വിക്കറ്റ് എന്നീ ക്രമത്തില്‍)

ഡെയ്ല്‍ സ്റ്റെയ്ന്‍ – 93 – 439

ഷോണ്‍ പൊള്ളോക്ക് – 108 – 421

മഖായ എന്റിനി – 101 – 390

അലന്‍ ഡൊണാള്‍ഡ് – 72 – 330

മോണി മോര്‍കല്‍ – 86 – 309

കഗീസോ റബാദ – 65* – 301*

കളിച്ച മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ വേഗത്തില്‍ 300 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന സൗത്ത് ആഫ്രിക്കന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് റബാദ. ഇതിഹാസ താരങ്ങളായ ഡെയ്ല്‍ സ്റ്റെയ്‌നും അലന്‍ ഡൊണാള്‍ഡുമാണ് റബാദക്ക് മുമ്പിലുള്ളത്.

സ്റ്റെയ്ന്‍ തന്റെ 61ാം മത്സരത്തില്‍ ഈ നേട്ടത്തിലെത്തിയപ്പോള്‍ 63ാം മത്സരത്തിലാണ് അലന്‍ ഡൊണാള്‍ഡ് ഈ റെക്കോഡിലെത്തിയത്. 65ാം ടെസ്റ്റിലാണ് 29കാരന്റെ പേരില്‍ ഈ നേട്ടമെത്തിയത്.

എന്നാല്‍ എറിഞ്ഞ പന്തുകളുടെ കണക്കെടുക്കുമ്പോള്‍ ഈ നേട്ടത്തില്‍ ഏറ്റവും വേഗത്തിലെത്തിയ താരമാണ് റബാദ.

അതേസമയം, ലഞ്ചിന് പിന്നാലെ ആദ്യ ദിവസത്തെ ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലാദേശ് 30 ഓവര്‍ പിന്നിടുമ്പോള്‍ റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ്. 97 പന്തില്‍ 30 റണ്‍സ് നേടിയ മഹ്‌മുദുല്‍ ഹസന്‍ ജോയ്‌യുടെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. 30ാം ഓവറിലെ അവസാന പന്തില്‍ ഡെയ്ന്‍ പീഡാണ് താരത്തെ പുറത്താക്കിയത്.

പത്ത് പന്തില്‍ ഒരു റണ്‍സുമായി ജാകിര്‍ അലിയും ജോയ് പകരക്കാരനായി എത്തിയ നയീം ഹസനുമാണ് ക്രീസില്‍.

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

മഹ്‌മുദുല്‍ ഹസന്‍ ജോയ്, ഷദ്മന്‍ ഇസ്‌ലാം, മോമിനുള്‍ ഹഖ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മുഷ്ഫിഖര്‍ റഹീം, ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹ്ദി ഹസന്‍ മിറാസ്, ജാകിര്‍ അലി, നയീം ഹസന്‍, തൈജുല്‍ ഇസ് ലാം, ഹസന്‍ മഹ്‌മൂദ്.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, റയാന്‍ റിക്കല്‍ടണ്‍, മാത്യൂ ബ്രീറ്റ്‌സ്‌കി, കൈല്‍ വരായ്‌നെ (വിക്കറ്റ് കീപ്പര്‍), വിയാന്‍ മുള്‍ഡര്‍, കഗീസോ റബാദ, കേശവ് മഹാരാജ്, ഡെയ്ന്‍ പീഡ്.

Content highlight: BAN vs SA: Kagiso Rabada completes 300 test wickets

We use cookies to give you the best possible experience. Learn more